ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടെ രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 12 ദിവസത്തിനുള്ളില്‍ എട്ട് ശതമാനത്തില്‍ നിന്ന് 16.69 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.05 ശതമാനത്തില്‍ നിന്ന് 13.54 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 78.56 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രതിവാര പോസിറ്റീവ് നിരക്കില്‍ 30.38 ശതമാനത്തോടെ ഛത്തീസ്ഗഢാണ് മുന്നില്‍. ഗോവയില്‍ 24.24 ശതമാനവും മഹാരാഷ്ട്രയില്‍ 24.17 ശതമാനവുമാണ് പ്രതിവാര പോസിറ്റീവ് നിരക്ക്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150  ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളുണ്ട് രാജ്യത്ത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ്  മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്.

Content Highlights: COVID-19 Positivity Rate Doubles To 16.69% In 12 Days: Centre