ന്യൂഡല്‍ഹി: കോവിഡ് 19 അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരവധി സംസ്ഥാനങ്ങളില്‍ രോഗികള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഓക്‌സിജന്‍, വെന്റിലേറ്ററുകള്‍, ഐസിയു, കിടക്കകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ആശുപത്രിയില്‍ കിടക്കകളോ സ്ഥലമോ ലഭിക്കാതെ രോഗികള്‍ മരച്ചുവടുകളിലും പറമ്പിലും വഴിയോരങ്ങളിലും കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മധ്യപ്രദേശിലെ അഗര്‍-മാല്‍വ ജില്ലയിലെ ധനിയാഖേടിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദേശീയപാതയോട് ചേര്‍ന്നുള്ള ഒരു ഓറഞ്ച് തോട്ടത്തില്‍നിന്നുള്ളതാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍. മരച്ചുവടുകളില്‍ രോഗികള്‍ തുണി വിരിച്ച് കിടക്കുകയാണ്. ഗ്ലൂക്കോസ് കുപ്പികള്‍ മരക്കൊമ്പുകളിലാണ് തൂക്കിയിരിക്കുന്നത്. രോഗികളും മറ്റുള്ളവരും അടുത്തടുത്താണ് കിടക്കുന്നത്. ആരുംതന്നെ മാസ്‌കും ധരിച്ചിട്ടില്ല.

അനധികൃത ഡോക്ടര്‍മാരാണ് ഇത്തരത്തില്‍ ചികിത്സ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ ചികിത്സാ സൗകര്യമില്ലാത്തത് മുതലെടുത്താണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. അനധികൃത ചികിത്സ നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും രോഗികളെയോ ഡോക്ടര്‍മാരെയോ കണ്ടെത്താനായില്ലെന്നും അവര്‍ പറയുന്നു.

ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പോകാന്‍ ഭയമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും വേണ്ടത്ര ആശുപത്രികളോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. ഉള്ള ആശുപത്രികളില്‍ പലയിടത്തും അംഗീകാരമില്ലാത്ത ഡോക്ടര്‍മാരും പ്രാകൃതമായ ചികിത്സാ മുറകളുമാണുള്ളത്. പലയിടത്തും മരുന്നോ വൈദ്യുതിയോ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights: Covid 19 Patients lying on the roadside and IV fluid bottles hanging from trees, Madhya Pradesh