ന്യൂഡല്‍ഹി:  രാജ്യത്തെ ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം  80,000-ത്തിന് മുകളിലാണ്. മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്‌ അടുക്കുന്നു. ഇതിനിടയില്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും മാധ്യമങ്ങളുമെല്ലാം കോവിഡിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് ദിവസേന ബോധവത്കരണം നടത്തുന്നു.  എന്നിട്ടും 44 ശതമാനം പേര്‍ മാത്രമാണ് ഇന്ത്യയില്‍ മാസ്‌ക് ഉപയോഗിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ മാസ്‌ക് ധരിക്കുക എന്നത് പരമപ്രധാനമാണെന്നിരിക്കെയാണ് ഇന്ത്യയിലെ 66 ശതമാനം പേരും മാസ്‌ക്കുകള്‍ ധരിക്കുന്നില്ലെന്ന് പഠനങ്ങള്‍ പറയുന്നത്. രാജ്യത്തെ 18 നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. 

50 ശതമാനം പേരും മാസ്‌ക് ഉപയോഗിക്കാത്തത് ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നത് മൂലമാണെന്ന് സര്‍വേ പറയുന്നു. 44 ശതമാനം പേര്‍ അസ്വസ്ഥതയും അസൗകര്യം ഉള്ളതുകൊണ്ടും  45 ശതമാനം പേര്‍ സാമൂഹ്യ അകലം പാലിച്ചാല്‍ മതി, മാസ്‌ക് ധരിക്കേണ്ടെന്ന് കരുതുന്നവരുമാണെന്ന് സര്‍വേ പറയുന്നു. 

26-35 വയസ് പ്രായമുള്ളവര്‍ കൊറോണയെ പ്രതിരോധിക്കാന്‍ മാസ്‌ക് വേണമെന്നില്ല, സാമൂഹ്യ അകലം മതിയെന്ന്‌ വിശ്വസിക്കുന്നവരാണ്. പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളാണ്  കൃത്യമായി മാസ്‌ക് ധരിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു.  മാസ്‌ക് സ്ഥിരമായി ധരിക്കുന്നവരില്‍ 73 ശതമാനം പേര്‍ മാത്രമെ വായും മൂക്കും മൂടുന്ന വിധത്തില്‍ കൃത്യമായി മാസ്‌ക് ധരിക്കാറുള്ളുവെന്നും സര്‍വേ വ്യക്തമാക്കുന്നു. 

Content Highlight: Covid-19: Only 44% wear mask  in India