ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്‌സിന്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ രാജ്യത്തെ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. 'വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി സമയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിന്‍ അവരവരുടെ സൗകര്യാര്‍ഥം 24 മണിക്കൂറും കുത്തിവെക്കാം' - ആരോഗ്യമന്ത്രി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

രണ്ടാംഘട്ട വാക്‌സിനേഷന് രാജ്യം തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്. ദിവസങ്ങള്‍ക്കകമാണ് സമയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിട്ടുള്ളത്. 60 വയസുമേല്‍ പ്രായമുള്ളവര്‍ക്കും 45 വയസിനുമേല്‍ പ്രായമുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. പത്ത് ലക്ഷത്തോളം പേര്‍ക്ക് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ കുത്തിവെക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ 1.56 കോടി ജനങ്ങള്‍ ഇതിനകം കോവിഡ് വാക്‌സിന്‍ കുത്തിവെച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Content Highlights: COVID 19: now get vaccinated 24 hours, seven days - Health Ministry