ബെംഗളൂരു: ബെംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ ചുമത്തുമെന്ന് ഉത്തരവ്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനും മൂത്രമൊഴിക്കുന്നതിനു മാലിന്യം നിക്ഷേപിക്കുന്നതിനും ഈ പിഴ ബാധകമാണ്. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബെംഗളൂരു ബിബിഎംപിയുടെ(bruhat bengalure mahanagara palike)നടപടി. 

പൊതുസ്ഥലങ്ങളിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന തൊഴിലിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. നിയമം ലംഘിച്ചാല്‍ ആദ്യതവണ 1000 രൂപയും നിയമലംഘനം തുടര്‍ന്നാല്‍ 2000 രൂപ വീതവും പിഴ ചുമത്തുമെന്ന് ബിബിഎംപി കമ്മീഷണര്‍ ബി.എച്ച് അനില്‍ കുമാര്‍ പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകള്‍ക്കും നിയമം ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ ജനുവരി 15 മുതല്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് ബിബിഎംപി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായിരുന്നില്ല. എന്നാല്‍ ഇത് കോവിഡ് കാലമാണ്, ഇത്തരം നടപടികള്‍ തടയേണ്ടത് അത്യാവശ്യമാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: COVID-19: No mask? Be ready to pay Rs 1,000 in Bengaluru