പട്‌ന: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്കുള്ള രജിസ്‌ട്രേഷനും 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും നിര്‍ത്തിവെച്ച് ബീഹാര്‍ സര്‍ക്കാര്‍. രാജ്യവ്യാപമായി ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. 

ഇതുവരെ ഏകദേശം 29 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് സംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഇതില്‍ 8.77 ലക്ഷം പേര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് പോയി. 5.30 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ ബ്ലോക്ക്, ജില്ലാ തല ക്വാറന്റീന്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാണ്. 

തിങ്കളാഴ്ച മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ പാര്‍പ്പിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

''രാജ്യമാകെ നിയന്ത്രണങ്ങള്‍ മാറ്റിയിരിക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇപ്പോള്‍ ബസ്, ട്രെയിന്‍, കാര്‍ എന്നിങ്ങനെ ഏത് വാഹനത്തിലൂടെയും സഞ്ചരിക്കാം. അങ്ങനെയെങ്കില്‍ എങ്ങനെയാണ് കുടിയേറ്റ തൊഴിലാളികളെ തിരിച്ചറിയാന്‍ സാധിക്കുക''- സംസ്ഥാന ദുരന്ത നിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രത്യായ അമൃത് ചോദിച്ചു.

സഞ്ചാരം നിയന്ത്രിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്ത സാഹചര്യത്തിലാണ് കുടിയേറ്റക്കാരായ തൊഴിലാളികളെ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരുന്നത്. നിലവിലുള്ള ക്വാറന്റീന്‍ സെന്ററുകള്‍ രജിസ്റ്റര്‍ ചെയ്ത് അവസാനമായി എത്തിയവരുടെ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ ജൂണ്‍ 15 ന് ശേഷം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി നിലവിലെ ആരോഗ്യപരിശോധനകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ബീഹാറിലേക്ക് മടങ്ങിയെത്തിയ നിരവധി തൊഴിലാളികള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സമയത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം.  

Content Highlights: Covid 19 lock down bihar stops registration and quarantine for migrants