Tedros Adhanom Ghebreyesus
ജനീവ: കോവിഡ് 19-ഉം ആയി ബന്ധപ്പെട്ട ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന. ഇനി ലോകത്ത് കോവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് 2020 ജനുവരി 30-ന് ആണ് കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗത്തിന്റെ വ്യാപനം ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി 15-ാമത്തെ യോഗം ചേരുകയും ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. ഈ ശുപാര്‍ശ പരിഗണിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും അഥാനോം വ്യക്തമാക്കി. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും അത് പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഒരു വര്‍ഷത്തിലധികമായി ലോകത്ത് പൊതുവില്‍ കോവിഡ് ബാധയുടെ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനംമൂലവും വാക്‌സിനേഷന്‍മൂലവും ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ഇത് ആരോഗ്യ മേഖലയ്ക്കു മേലുള്ള സമ്മര്‍ദം കുറച്ചിട്ടുണ്ട്. ഈ പ്രവണത ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ സാധാരണ ജീവിതം തിരികെ കൊണ്ടുവരുന്നതിന് വഴിയൊരുക്കി. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതെന്നും അഥാനോം വ്യക്തമാക്കി.
കോവിഡ് മഹാമാരി കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് ലോകത്തെ തകിടംമറിച്ചതായും അഥാനോം ചൂണ്ടിക്കാട്ടി. ലോകത്ത് കടുത്ത പ്രതിസന്ധികള്‍ക്ക് കോവിഡ് കാരണമായി. ആഭ്യന്തര വരുമാനത്തില്‍ കടുത്ത ഇടിവുണ്ടാക്കി. ആഗോളമായ യാത്രകളെയും വ്യാപാര-വാണിജ്യ മേഖലയെയും വലിയരീതിയില്‍ ബാധിച്ചു. ദശലക്ഷക്കണക്കിനുപേരെ പട്ടിണിയിലേക്ക് തള്ളിയിട്ടു, അദ്ദേഹം പറഞ്ഞു.
Content Highlights: COVID-19 is no longer a public health emergency- WHO
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..