ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്ത് ഇതുവരെ മൂന്നു ശതമാനത്തിനു മാത്രമേ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്ത്യയിലെ വാക്‌സിനേഷന്‍ 2021ല്‍ തന്നെ പൂര്‍ത്തീകരിക്കും. വാക്‌സിനേഷന്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് ആശങ്കകളുണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിന്‍ വിതരണത്തില്‍ ശ്രദ്ധിക്കട്ടെ. അവിടങ്ങളില്‍ വാക്‌സനേഷന്‍ താറുമാറാണ്. മേയ് ഒന്നു മുതല്‍ 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വിതരണം ചെയ്യാനുള്ള വാക്‌സിന്‍ അവര്‍ സ്വീകരിച്ചിട്ടുപോലുമില്ല, ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടകള്‍ക്കെതിരായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ടൂള്‍കിറ്റ് പ്രചാരണമാണ് നടക്കുന്നതെന്ന് ജാവഡേക്കര്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു- ടൂള്‍കിറ്റ് ഉണ്ടാക്കിയത് താങ്കള്‍ തന്നെയാണ്. അതിലെ ഭാഷാരീതി, യുക്തികള്‍, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീതി തുടങ്ങിയവയെല്ലാം ഒരേ തരത്തിലുള്ളതാണ്, ജാവദേക്കര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിലും വാക്‌സിന്‍ വിതരണത്തിലും പ്രധാനമന്ത്രിയുടെ പരാജയം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കോവിഡിനെ പ്രധാനമന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജരാണ്. അദ്ദേഹത്തിന് ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇവന്റുകള്‍ കൈകാര്യം ചെയ്യാനാകുന്നില്ല. നമുക്ക് കാര്യക്ഷമവും വേഗതയുമാര്‍ന്ന ഭരണ സംവിധാനമാണ് ആവശ്യം. സ്വന്തം പ്രതിച്ഛായ നന്നാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടുകഴിഞ്ഞു. പ്രധാനമന്ത്രി നേരെ നില്‍ക്കുകയും ഭയക്കാതെ രാജ്യത്തെ നയിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു.

വാക്‌സിന്‍ വിതരണത്തില്‍ വലിയ വീഴ്ചയാണ് സംഭവികുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ മൂന്നുശതമാനം മാത്രം ആളുകള്‍ക്ക് മാത്രമേ കേന്ദ്രം വാക്‌സിന്‍ നല്‍കിട്ടുളളൂ. രാജ്യത്തെ വാക്‌സിനേഷന്‍ തന്ത്രങ്ങള്‍ പുനക്രമീകരിച്ചില്ലെങ്കില്‍ നിരവധി കോവിഡ് വ്യാപനതരംഗങ്ങള്‍ ഉണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരേയാണ് പോരാട്ടം നടത്തുന്നതെന്നും നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചുന്നു.

Content Highlights: covid 19: India Will Vaccinate All By December 2021- Prakash Javadekar