ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡൊനീഷ്യയ്ക്ക് സഹായവുമായി ഇന്ത്യ. 10 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇന്ത്യ ഇൻഡൊനീഷ്യയിലേക്ക് എത്തിച്ചു.

ഇൻഡൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഓക്സിജൻ കൊണ്ടു പോയത്. കോവിഡ് പ്രതിസന്ധി നേരിടുന്ന  ഇൻഡൊനീഷ്യയിലേക്ക് നേരത്തേയും ഓക്സിജനുകളും മറ്റു സഹായങ്ങളും ഇന്ത്യ നൽകിയിരുന്നു. ജുലായ് മാസത്തിൽ 100 മെട്രിക് ടൺ ഉൾക്കൊള്ളുന്ന 5 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകളും 300 ഓക്സിജൻ കോൺസെന്ട്രേറ്ററുകളും രാജ്യത്ത് നിന്ന്  ഇൻഡൊനീഷ്യയിലേക്ക് അയച്ചിരുന്നു.

 ഇൻഡൊനീഷ്യൻ സർക്കാരിന്റെ ആവശ്യാർത്ഥം 10 കണ്ടയ്നർ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് ഐരാവത് ജക്കാർത്തയിലെ തൻജുങ് പ്രിയോക് പോർട്ടിൽ എത്തി. നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. 

അതേസമയം 9,604 കോവിഡ് കേസുകളാണ് തിങ്കളാഴ്ച ഇൻഡൊനീഷ്യയിൽ റിപ്പോർട്ട് ചെയ്തത്. 842 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ്ഇൻഡൊനീഷ്യയിൽ കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരുമാസക്കാലത്തിനിടെ പ്രതിദിന കോവിഡ് കണക്കിൽ ആയിരത്തിന് താഴെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ഇതാദ്യമായാണ്. 

നിലവിൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. റെസ്റ്റോറന്റുകളും മാളുകളും ജക്കാർത്തയിലെ ചില ആരാധനാലയങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 

Covid-19: India sends oxygen to Indonesia