ന്യൂഡല്‍ഹി: ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,12,262 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3,980 മരണവും ഇന്ത്യയിലുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു മുന്‍പ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നാലു ലക്ഷം കടന്നത് ഏപ്രില്‍ 30ന് ആയിരുന്നു. അന്ന് 4.08 ലക്ഷം പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,113 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം വ്യാഴാഴ്ചയോടെ 2,10,77,410 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,72,80,844 ആണ്. കോവിഡ് ബാധിച്ച് ഇതുവരെ 23,01,68 പേര്‍ രാജ്യത്ത് മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രോഗബാധയുടെ കാര്യത്തില്‍ കര്‍ണാടകത്തിലും കേരളത്തിലും കേസുകള്‍ കുത്തനേ കൂടുകയാണ്‌. കര്‍ണാടകത്തില്‍ അമ്പതിനായിരവും കേരളത്തില്‍ 41,953 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗബാധയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്ര തന്നെയാണ്. 57,000 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ ഉണ്ടായത്.

Content Highlights: Covid 19- India reports 4.12 lakh new cases, 3,980 deaths