
ഓണാഘോഷത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിനെ തുടർന്ന് കോഴിക്കോട് നഗത്തിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: കെ.കെ. സന്തോഷ്
ന്യൂഡല്‍ഹി: ഉത്സവ-ആഘോഷാവസരങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതും കൂടുതല്‍ ഇടപഴകുന്നതും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഓണാഘോഷത്തിന് ശേഷം രോഗവ്യാപനം രൂക്ഷമായത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ധന് മുന്നറിയിപ്പ് നല്‍കിയത്. എസ്.ബി.ഐ റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു മന്ത്രി തന്റെ പ്രതിവാര പരിപാടിയായ സണ്‍ഡേ സംവാദില്‍ ഇക്കാര്യം പറഞ്ഞത്.
വിശ്വാസം തെളിയിക്കാന്‍ വന്‍തോതില്‍ ആളുകള്‍ കൂട്ടംചേര്‍ന്നും ആഡംബരമായും ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അവ പാലിക്കുന്നതില്‍ വീഴ്ചസംഭവിക്കുന്നത് കോവിഡ് 19 കേസുകളില്‍ വലിയ വര്‍ധനയുണ്ടാക്കുമെന്ന് ആശങ്കയുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.
നിയന്ത്രണമില്ലാത്ത ഉത്സവാഘോഷങ്ങള്‍ എങ്ങനെ രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിന് കേരളത്തെ മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. കേരളത്തിലെ ആകെ കേസുകളുടെ 60 ശതമാനവും രേഖപ്പെടുത്തിയത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ്. ക്രമാനുഗതമായി കേസുകള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം 11,755 പുതിയ കേസുകള്‍ ഉണ്ടായതും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഓഗസ്റ്റ് 22നും സെപ്തംബര്‍ രണ്ടിനും ഇടയില്‍ നടന്ന ഓണാഘോഷമാണ് പിന്നീടിങ്ങോട്ട് വലിയ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളം മാത്രമല്ല മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെയും രോഗവ്യാപനത്തില്‍ ഉത്സവാഘോഷങ്ങള്‍ക്ക് പങ്കുണ്ട്. ഈ സംസ്ഥാനങ്ങളുടെ 50-60 ശതമാനവും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഉണ്ടായത്. ഗണേശ ചതുര്ഥിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഓക്ടോബറില്‍ പശ്ചിമബംഗാളില്‍ നടക്കുന്ന ദുര്ഗാപൂജയോടനുബന്ധിച്ചും ഇത്തരത്തിലുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Content Highligts: covid 19- Harsh Vardhan's Advice Ahead of Festive Season
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..