ചെന്നൈ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 20 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു. 

രാത്രികാല കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിരോധനമുണ്ട്. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും കര്‍ഫ്യൂ സമയത്ത് അനുവദിക്കുക. മാധ്യമങ്ങള്‍, പെട്രോള്‍ പമ്പുകള്‍, തുടര്‍ പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായങ്ങള്‍, അവശ്യവസ്തുക്കളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരെ കര്‍ഫ്യൂവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. 

ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തന അനുമതി. ഹോട്ടലുകളില്‍ രാവിലെ 6 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും വൈകിട്ട് 6 മുതല്‍ 9 വരെയും പാര്‍സല്‍ സൗകര്യം അനുവദിക്കും. 

സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം വിവാഹങ്ങളില്‍ 100 പേര്‍ക്കും ശവസംസ്‌കാര ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രമേ അനുമതിയുള്ളൂ. ഹില്‍ സ്റ്റേഷനുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, മൃഗശാലകള്‍ എന്നിവ അടയ്ക്കും. വലിയ കടകള്‍, മാളുകള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. 

ഇതിനിടെ തമിഴ്‌നാട്ടില്‍ ഇന്ന് 10,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42 പേര്‍ കോവിഡ് ബാധിച്ച് മരിച്ചപ്പോല്‍ 5,925 പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9,91,451 ആയി ഉയര്‍ന്നപ്പോള്‍ 70,391 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്.

Content Highlights: COVID-19: Full lockdown on Sundays across Tamil Nadu; 10 pm to 4 am night curfew from April 20