ന്യൂഡല്‍ഹി: ഓക്‌സിജന്‍ ലഭ്യതക്കുറവിന് അല്പം ആശ്വാസമുണ്ടെങ്കിലും ഡല്‍ഹിയില്‍ മരണനിരക്കിനു കുറവൊന്നുമില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡല്‍ഹിയില്‍ പ്രതിദിനം മുന്നൂറിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂര്‍ വരെയാണു പൊരിവെയിലത്തും ഇരുളിലും പലരും ഊഴവും കാത്തിരിക്കുന്നത്. ശ്മശാനങ്ങളില്‍നിന്ന് ശ്മശാനങ്ങളിലേക്കും ദഹിപ്പിക്കാനവസരം കിട്ടുംവരെ മൃതദേഹം സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനം തേടിയും ഉള്ള കരളലിയിക്കുന്ന യാത്രകളാണ് ഡല്‍ഹിയിലെങ്ങും.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴിലെ 26 ശ്മശാനങ്ങളിലും മൃതദേഹങ്ങളുടെ നീണ്ട വരിയാണ്. ദഹിപ്പിക്കാന്‍ ആവശ്യത്തിന് തറകളില്ല. ഗാസിപ്പുര്‍ ശ്മശാനത്തില്‍ വാഹനം പാര്‍ക്കു ചെയ്യുന്ന സ്ഥലത്ത് 20 തറകള്‍കൂടി പണിതു. വസീറാബാദില്‍ പത്തും. സീമാപുരിയിലും പാര്‍ക്കിങ് മേഖലയെ ശവസംസ്‌കാരത്തിനായി ഉപയോഗിച്ചു തുടങ്ങി.

ദ്വാരക സെക്ടര്‍ 29ലെ നായ്ക്കളെ സംസ്‌കരിക്കുന്നതിനുളള ശ്മശാനത്തില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുളള താല്ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ്  കോര്‍പറേഷന്‍ അധികൃതര്‍. മൂന്നു ഏക്കര്‍ വരുന്ന ശ്മശാനം ആറുമാസങ്ങള്‍ക്ക് മുമ്പാണ് നിര്‍മിക്കുന്നത്. എന്നാല്‍ ഇത് പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. 

പ്രതിദിനം സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം 15 ശതമാനം മുതല്‍ 20 ശതമാനം വരെ ഉയരുകയാണ്. ദിവസം ആയിരം മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലേക്ക് ഡല്‍ഹി താമസിയാതെ എത്തിച്ചേരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. അതിനാല്‍ ശ്മശാനങ്ങളുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഡല്‍ഹി. 

Content Highlights: Dog crematorium site in Delhi to be used for humans