ന്യൂഡല്‍ഹി: കോവിഡിന്റെ അതിതീവ്ര വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. മെഡിക്കല്‍ ഓക്‌സിജനും വാക്‌സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രത്തെ സമീപിച്ചത് ഇതിന്റെ തെളിവാണ്. ഈ സാഹചര്യത്തില്‍ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിച്ചതിന് പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ജനുവരി-ഫെബ്രുവരിയോടെ വാക്‌സിനേഷന്‍ തുടങ്ങുകയും കോവിഡ് കേസുകള്‍ കുറയുകയും ചെയ്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം കാട്ടി. അതോടൊപ്പം വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും വ്യാപനം അതിവേഗത്തിലാകുകയും ചെയ്തു.

ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകളും വിവിധ മതചടങ്ങുകളും നടക്കുന്ന സമയമാണിത്. ആരുടെയും മതവികാരം വൃണപ്പെടാത്ത രീതിയില്‍ നിയന്ത്രണത്തോടെ അവ നടത്തേണ്ടത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.

നേരത്തെ വൈറസ് ബാധിതനായ ഒരാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന 30 ഓളം പേരിലേക്കാണ് രോഗം പകര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് കൂടുതല്‍ ഉയര്‍ന്ന സംഖ്യയായി മാറിയിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ സ്ഥിതിഗതികളെ ഗൗരവമായി കാണുന്നില്ല. ചന്തകളിലും ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും വന്‍ ജനക്കൂട്ടമാണ് ഉള്ളത്. ഇവിടങ്ങളിലെല്ലാം അതിതീവ്ര വ്യാപനം നടക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ശനിയാഴ്ച റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എയിംസ് തലവന്‍ ഇക്കാര്യം പറഞ്ഞത്. 2,34,692 കോവിഡ് കേസുകളാണ് രാജ്യത്ത് ശനിയാഴ്ച രേഖപ്പെടുത്തിയത്.

Content Highlights: COVID 19 crisis; huge strain in India's health care systems - AIIMS chief