-
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 സാമൂഹ്യവ്യാപനത്തിലേയ്ക്ക് കടന്നിട്ടില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നിലപാടിനെ വിമര്‍ശിച്ച് വിദഗ്ധര്‍. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞതായി കരുതാമെന്ന് അവര്‍ പറയുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിടിവാശിയാണ് കാണിക്കുന്നതെന്നും സത്യം അംഗീകരിച്ചേ മതിയാകൂ എന്നും വിദഗ്ധര്‍ പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ലെന്ന് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി മിശ്ര പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനവും ലോക്ക്ഡൗണ്‍ ഇളവുകളും വന്നതോടെ രോഗവ്യാപനം വളരെ വേഗത്തിലായി. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ഇടങ്ങളിലും രോഗാണുക്കള്‍ എത്തിച്ചേര്‍ന്നു. സമൂഹവ്യാപനം സംഭവിച്ചെന്ന വസ്തുത ഇനിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചേ മതിയാകൂ. ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ഇരിക്കുന്നതിന് അത് ആവശ്യമാണ്, ഡോ. മിശ്ര പറഞ്ഞു.
ഇന്ത്യയില്‍ സാമൂഹ്യവ്യാപനം ഇല്ലെന്ന ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവയുടെ പ്രസ്താവനയെയും ഡോ. മിശ്ര തള്ളിക്കളഞ്ഞു. സാമൂഹ്യവ്യാപനമില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നതിന് ഐസിഎംആര്‍ നടത്തിയ സീറോ സര്‍വേയില്‍ 26,400 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ ഇത് അപര്യാപ്തമാണ്. പ്രത്യേകിച്ച്, ഇന്ത്യയുടെ വൈവിധ്യവും വലിയ ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍, മിശ്ര ചൂണ്ടിക്കാട്ടി.
ഇന്ത്യ നേരത്തെ തന്നെ സാമൂഹ്യവ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരുന്നതായി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യരംഗത്തെ അധികാരികള്‍ അത് അംഗീകരിക്കുന്നില്ല എന്നേയുള്ളൂ. ഐസിഎംആര്‍ തന്നെ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത് ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട 40% പേരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല എന്നാണ്. ഇവര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ഏതെങ്കിലും കോവിഡ് രോഗിയുമായി അടുത്തിടപഴകുകയോ ചെയ്തിട്ടില്ല. ഇത് സാമൂഹ്യവ്യാപനമല്ലെങ്കില്‍ പിന്നെന്താണ്?, അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യയില്‍ പൊതുവെ സാമൂഹ്യവ്യാപനമില്ലെന്ന ഐസിഎംആറിന്റെ വാദം അംഗീകരിച്ചാല്‍ത്തന്നെ ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞു എന്ന വസ്തുത നിരാകരിക്കാനാവില്ലെന്ന് പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. അരവിന്ദ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും വിശാലമായ രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് വൈറസ് വ്യാപനം സംഭവിക്കുന്നത്. ഐസിഎംആറിന്റെ പഠനം ഏപ്രില്‍ മാസത്തെ രോഗവ്യാപനത്തെ മുന്‍നിര്‍ത്തിയാണെങ്കില്‍ സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറയുന്നു.
സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോഴും രോഗവ്യാപനത്തിന്റെ തോതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയ സാഹചര്യത്തിലാണ് വിദഗ്ധരുടെ പ്രതികരണം. നിലവില്‍ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞിട്ടുണ്ട്. ദിവസം പതിനായിരത്തിനു മേല്‍ പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ 8,890പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.
Content Highlights: Covid 19, coronavirus, Experts Say Community Transmission Present in 'Many Parts of India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..