ബെംഗളൂരു: കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ബെംഗളൂരുവിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പത്ത് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ ഒരു പാര്‍പ്പിട സമുച്ചയം സീല്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 15 നും 22 നും ഇടയിലാണ് ഇവര്‍ക്ക്  രോഗബാധ സ്ഥിരീകരിച്ചതെന്ന് ബെംഗളൂരു മുന്‍സിപ്പല്‍ കമ്മിഷണര്‍ എന്‍ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി. 

പാര്‍പ്പിടസമുച്ചയത്തിലെ ഒമ്പത് ബ്ലോക്കുകളിലായി 1,500 താമസക്കാരുണ്ട്. ഇതില്‍ ആറ് ബ്ലോക്കുകള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകളാക്കിയതായും മുന്‍സിപ്പല്‍ കമ്മിഷണര്‍ അറിയിച്ചു. ഈ മാസം കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ അപാര്‍ട്ട്‌മെന്റ് കോംപ്ലക്‌സാണിത്. 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച മറ്റൊരു പാര്‍പ്പിട സമുച്ചയം അടച്ചു പൂട്ടിയത്. ഇത് കൂടാതെ നഗരത്തിലെ ഒരു നഴ്‌സിങ് കോളേജിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 

കുറച്ചു ദിവസങ്ങള്‍ക്കിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് രോഗപരിശോധന ഊര്‍ജ്ജിതപ്പെടുത്തി. കോവിഡ് പ്രതിരോധനിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപനം വര്‍ധിക്കുന്നതെന്ന് മുന്‍സിപ്പല്‍ കമ്മിഷണര്‍ പറഞ്ഞു. സാമൂഹികാകലം പാലിക്കുന്നതിലുള്‍പ്പെടെ ജനങ്ങള്‍ വീഴ്ച വരുത്തിയാല്‍ ലോക്ഡൗണ്‍ പോലെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നാലെ രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് കര്‍ണാടക. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ ബെംഗളൂരുവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലായ് വരെയുള്ള കാലയളവിലാണ്  രോഗികളുടെ എണ്ണത്തില്‍ ഇത്തരമൊരു വര്‍ധനവ് രേഖപ്പെടുത്തിയത്.

 

Content Highlights: Covid-19 Cluster Detected in Bengaluru Apartment Complex Civic Body Warns of Lockdown