ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. വ്യാഴാഴ്ച സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 10 മുതല്‍ നിലവില്‍ വരും. 

ബസുകളില്‍ ഇരുന്ന് മാത്രം യാത്ര, തിയേറ്ററിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഷോപ്പിങ് മാളിലും ഒരുസമയം 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം, വിവാഹങ്ങളില്‍ 100 പേര്‍ മാത്രം, മതപരമായ പരിപാടികള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കണം, ആഘോഷങ്ങള്‍ പാടില്ല, രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങളില്‍ സന്ദര്‍ശനം അനുവദിക്കരുത് തുടങ്ങിയവയാണ് പുതിയ നിയന്ത്രണങ്ങള്‍. 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന കര്‍ശനമാക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

കഴിഞ്ഞദിവസം മാത്രം 3986 പുതിയ കോവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 17 മരണവും കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. 

Content Highlights: covid 19 cases increases tamilnadu announced new restrictions