
അഭിമുഖത്തില്‍ നിന്ന്:
മുംബൈയില്‍ ഐസിയുകള്‍ രോഗികളാല്‍ നിറഞ്ഞിരിക്കുകയാണെന്നും പല കൊവിഡ് 19 ബാധിതര്‍ക്കും ഐസിയു സൗകര്യം കിട്ടുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഐസിയുവില്‍ പ്രവേശനം കിട്ടാതിരുന്നതുകൊണ്ട് 49 കാരനായ ഒരു രോഗി ബുധനാഴ്ച മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയില്‍ 1,900 ഐസൊലേഷന്‍ കിടക്കകളും 200 ഐസിയു കിടക്കകളുമുണ്ടെന്നാണ് വിവരം. ലോക്ക്ഡൗണ്‍ വാസ്തവത്തില്‍ ഇത്തരം സംവിധാനങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്തുന്നതിന് കൂടിയല്ലേ വിനിയോഗിക്കേണ്ടത്? രാജ്യത്തെ ഏറ്റവും വലിയ മെട്രൊ നഗരത്തില്‍ ഇതാണവസ്ഥയെങ്കില്‍ കൊവിഡ് 19 നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തൃപ്തികരമാണെന്ന് പറയാനാവുമോ?
മുംബൈയിലെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. ഇതൊരു യുദ്ധമാണ്. വലിയ വിഭവസമാഹരണം ഇതിനാവശ്യമാണ്. ഇവിടെയാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം വേണ്ടത്. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ്, ഐ സി എം ആര്‍, ഡയറക്ടര്‍ ഒഫ് ഹെല്‍ത്ത് സര്‍വ്വീസസ് എന്നീ കേന്ദ്ര സ്ഥപാനങ്ങള്‍ക്ക് ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ പെട്ടതാണെങ്കിലും പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. കൊവിഡ് 19 പോലുള്ള മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് കേന്ദ്രം തീര്‍ച്ചയായും നിരീക്ഷിക്കണം. കേന്ദ്രം രൂപം നല്‍കിയ കര്‍മ്മസമിതികള്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടിയുമില്ല.
വെള്ളിയാഴ്ചയിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ധരാവിയില്‍ 101 പേര്‍ കൊവിഡ് ബാധിതരാണെന്നാണ്. ഏഴുലക്ഷത്തോളം പേരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഈ ചേരിയിലുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. 37,000 പേരെ മാത്രമാണ് ഇവിടെ ഇതുവരെ പനിയുണ്ടോയെന്ന പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതെന്നാണ് വിവരം. ടെസ്റ്റിങ് തീര്‍ത്തും അപര്യാപ്തമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്‍ഫ്ളുവന്‍സ പോലെയല്ല കൊവിഡിന്റെ വ്യാപനം. ഒരു കൊവിഡ് 19 ബാധിതനില്‍ നിന്ന് ശരാശരി രണ്ടുപേര്‍ക്ക് അസുഖം പകര്‍ന്നേക്കാം എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് ഏഴു മുതല്‍ പത്തു ദിവസം വരെ എടുക്കുന്നുണ്ടെന്നാണ് സൂചന.അടുത്ത 30 ദിവസം കഴിയുമ്പോഴേ ധരാവി എവിടെയെത്തുമെന്ന് നമുക്കറിയാനാവൂ. നിലവിലെ കണക്കുകള്‍ വെച്ച് ധരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറവാണെന്ന് സമാശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല.
രാഷ്ട്രീയ ഭരണനേതൃത്വം അവസരത്തിനൊത്തുണര്‍ന്ന് പ്രവര്‍ത്തിച്ചത് കേരളത്തിന്റെ കൊവിഡ് പോരാട്ടത്തില്‍ നിര്‍ണ്ണായകമായി എന്ന് വിലയിരുത്താനാവുമോ?
തീര്‍ച്ചയായും. കേരളത്തില്‍ ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുമടങ്ങുന്ന രാഷ്ട്രീയ നേതൃനിര വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. കേരളത്തിലെ പൊതു ആരോഗ്യ സംവിധാനം മികവുറ്റതാക്കുന്നതില്‍ ഇതുവരെ കേരളം ഭരിച്ചിട്ടുള്ള എല്ലാ സര്‍ക്കാരുകളും പങ്ക് വഹിച്ചിട്ടുണ്ട്. കൊവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ വാസ്തവത്തില്‍ വനിതകള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങള്‍ വലിയ വിജയമാണ് കൈവരിച്ചിട്ടുള്ളത്. ന്യൂസിലന്റ്, തായ്‌വാന്‍, ഹോംങ്കോങ് , ഫിന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം ഭരണനേതൃത്വം വനിതകള്‍ക്കാണന്നത് വിസ്മരിക്കാനാവില്ല.
നിപ്പയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആരോഗ്യമന്ത്രിക്ക് വൈറസുകള്‍ കൊണ്ടുവരുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. വുഹാനില്‍ നിന്നു വന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ കേരളത്തിലെ ആരോഗ്യവകുപ്പിനായി. ഇന്ത്യയില്‍ പല ഭാഗങ്ങളിലും വുഹാനില്‍ പഠിക്കുന്നവരുണ്ട്. ഇവിടെയെല്ലാം കേരളത്തിലേതുപോലുള്ള മുന്‍കരുതലുകളുണ്ടായില്ല. ട്രംപിനെയും ബോറിസ് ജോണ്‍സനെയും പോലെ 'ആണത്ത' മനോഭാവമുള്ള നേതാക്കള്‍ ഭരിക്കുന്ന സ്ഥലങ്ങളിലെ സ്ഥിതി ദയനീയമാണെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
കൊവിഡിനെതിരെയുള്ള പേരാട്ടത്തില്‍ മാസ്‌ക് നിര്‍ബ്ബന്ധമാണെന്ന് ആദ്യമേ താങ്കള്‍ നിലപാടെടുത്തിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ രാജ്യത്തെ നില തൃപ്തികരമാണോ?
ഞാന്‍ വെല്ലൂരിലാണ് താമസിക്കുന്നത്. കൊവിഡ് 19 സംബന്ധിച്ചിടത്തോളം തമിഴ്നാട്ടിലെ ഹോട്ട്സ്പോട്ടുകളില്‍ ഒന്നാണ് വെല്ലൂര്‍. കഴിഞ്ഞ ദിവസം എന്റെ വീടിനു മുന്നിലൂടെ ഒരു ശവഘോഷയാത്ര കടന്നുപോയി. 42 ാളം പേര്‍ അതിലുണ്ടായിരുന്നു. ഇതില്‍ എട്ടു പേര്‍ മാത്രമാണ് മാസ്‌ക് ധരിച്ചിരുന്നത്. ഇന്ന് ( ശനിയാഴ്ച ) രാവിലെ ഞാന്‍ പാല്‍ വാങ്ങാന്‍ പോയി. പാല്‍ക്കാരന്‍ മാസ്‌ക് ധരിച്ചിട്ടുണ്ടായില്ല. ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒരു തുവ്വാല കൊണ്ട് മുഖം മറച്ചു. വരുന്ന വഴിക്ക് ഒരു മരുന്നു കടയിലും ഒരു ബേക്കറിയിലും കയറി .രണ്ടിടങ്ങളിലും ജീവനക്കാര്‍ മാസ്‌ക് ധരിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ തുടങ്ങി ഇത്രയും ദിവസമായിട്ടും ജനങ്ങള്‍ കൊവിഡ് 19 നെക്കുറിച്ച് ബോധവാന്മാരായിട്ടില്ല എന്നതാണവസ്ഥ. കേരളത്തില്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം ശക്തമാണ്. കേരളത്തിലെ ജനാധിപത്യത്തിന്റെ വിജയമാണിതെന്നാണ് ഞാന്‍ പറയുക. ലോക്ക്ഡൗണില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്ക് വലിയ വിലയാണ് രാജ്യം കൊടുക്കേണ്ടി വരിക.
കൊറോണ വൈറസിന് ഇനിയും പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വൈറസ് ഇവിടെത്തന്നെയുണ്ടാവും. അപ്പോള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി (കൂട്ട പ്രതിരോധശേഷി )യിലൂടെയാണോ സമൂഹം ഈ പ്രതിസന്ധി മറികടക്കുക?
ഹെര്‍ഡ് ഇമ്മ്യൂണിറ്റി എന്നു പറയുന്നത് ഒരാള്‍ക്കൂട്ടത്തില്‍ പ്രതിരോധശേഷിയുള്ളവരുടെ അനുപാതമാണ്. ഉദാഹരണത്തിന് പതിനായിരം പേരില്‍ ആയിരം പേര്‍ക്ക് പ്രതിരോധശേഷി ഉണ്ടെങ്കില്‍ അത് പത്തു ശതമാനമാണ്. തൊണ്ണൂറ് ശതമാനം പേര്‍ക്കും പ്രതിരോധശേഷിയില്ലാത്ത സാഹചര്യത്തില്‍ ഈ പത്ത് ശതമാനത്തിന് വലുതായൊന്നും ചെയ്യാനാവില്ല. പക്ഷേ, തൊണ്ണൂറ് ശതമാനവും പ്രതിരോധശേഷിയുള്ളവരാണെങ്കില്‍ ബാക്കി ആയിരം പേര്‍ക്ക് കാര്യമായ ഉപദ്രവമുണ്ടാക്കാനാവില്ല. ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൂടുന്നതനുസരിച്ച് പകര്‍ച്ചവ്യാധിയുടെ വ്യാപനം കുറയും. സ്‌കൂളുകള്‍ അടച്ചിടുന്നതിനോട് യോജിപ്പില്ല എന്ന് ഞാന്‍ പറയുന്നത് ഈ പരിസരത്തിലാണ്. കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണ്. കുട്ടികള്‍ക്ക് അണുബാധയുണ്ടായാല്‍ അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കും. ഇതിലൂടെ കൈവരിക്കുന്ന പ്രതിരോധശേഷി സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി കൂട്ടും. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ പങ്ക് ആര്‍ക്കും തള്ളിക്കളയാനാവില്ല.
റൂട്ട്മാപ്പുകളും മറ്റും തയ്യാറാക്കി കേരളം വളരെ സമര്‍ത്ഥമായാണ് കൊവിഡിനെ നേരിട്ടത്. പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നും വന്നവര്‍ക്ക് രോഗമുണ്ടായപ്പോള്‍ കേരളം നേരിട്ട രീതി പ്രശംസനീയാണെന്ന് പറയാതെ വയ്യ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..