ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടും സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിനായി ലോക്കഡൗണിന്റെ നാലാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പിന്തുടരുകയാണെങ്കില്‍ കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണമായും അടച്ചിടണം. 

രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ കൂടുതലാണെങ്കില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് പിന്തുടരുകയാണെങ്കില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തെലങ്കാന, ചണ്ഡിഗഡ്, തമിഴ്നാട്, ബീഹാര്‍ എന്നിവ അടച്ചിടണം. 

എന്നിരുന്നാലും, കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ യാതൊരു ഇളവുകളും നല്‍കിയിട്ടില്ലാത്ത കണ്ടെയ്‌നര്‍ സോണുകളിലാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അണുബാധയുടെ തോത് കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇത് ചൂണ്ടിക്കാണിക്കുന്നു.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ 34 കോവിഡ് ബാധിത സംസ്ഥാനങ്ങളില്‍ 21 ശതമാനവും ഈ വിഭാഗത്തില്‍ പെടുന്നവയാണ്. മെയ് 7 മുതല്‍ 100 ടെസ്റ്റുകളില്‍ 5 ശതമാനത്തിലധികം പോസിറ്റീവ് കേസുകള്‍ ഇവിടെയുണ്ട്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിക്കപ്പെട്ടത് മഹാരാഷ്ട്രയാണ്. 18%. ഗുജറാത്താണ് രണ്ടാമത്- 9%, ഡല്‍ഹി (7%), തെലങ്കാന (7%), ചണ്ഡിഗഡ് (6%), തമിഴ്നാട് (5%), ബീഹാര്‍ (5%) എന്നിങ്ങനെയാണ് ഉയര്‍ന്ന രോഗസ്ഥിരീകരണ നിരക്കുകള്‍.

Content Highlights: Covid-19 : 7 states/UTs, including Maharashtra and Delhi, to stay locked down if WHO advisory is followed