നാഗ്പുര്‍: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ച സാഹചര്യത്തില്‍ പതിനെട്ട് വയസിന് താഴെയുളളവരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നു. കുട്ടികളില്‍ കോവാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിന് അനുമതി തേടി വിദഗ്ധ സമിതി മുമ്പാകെ അപേക്ഷ നല്‍കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.

കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് കമ്പനിയ്ക്ക്  കേന്ദ്രത്തില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യമോ വാക്‌സിന്‍ പരീക്ഷണം ആരംഭിക്കും. മഹാരാഷ്ട്ര നാഗ്പുരിലെ കുട്ടികള്‍ക്കായുള്ള ഒരു പ്രമുഖ ആശുപത്രിയില്‍ വാക്‌സിന്‍ പരീക്ഷണത്തിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 

2021 മേയ് മാസത്തോടെ പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ തയ്യാറാകുമെന്ന് ഭാരത് ബയോടെക്കിന്റെ മാനേജിങ് ഡയറക്ടര്‍ കൃഷ്ണ എല്ല ജനുവരിയില്‍ പ്രസ്താവിച്ചിരുന്നു. ഈ പ്രായവിഭാഗത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത് ലോകത്തില്‍ ആദ്യമാണെന്ന് കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണങ്ങളുടെ ഏകോപനം നിയന്ത്രിക്കുന്ന  ഡോക്ടര്‍ ആശിഷ് താജ്‌നെ അറിയിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇത് ഒരു നിര്‍ണായകമായ പരീക്ഷണമായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണങ്ങളുടെ I, II, III ഘട്ടങ്ങളില്‍ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു നാഗ്പുരെന്നും കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഡോക്ടര്‍ ആശിഷ് താജ്‌നെ പറഞ്ഞു. 2-5, 6-12, 12-18 പ്രായവിഭാഗങ്ങളായി തിരിച്ച് നിശ്ചിത മാനദണ്ഡങ്ങളോടെയാണ് പരീക്ഷണങ്ങളെന്ന് ഡോക്ടര്‍ താജ്‌നെ കൂട്ടിച്ചേര്‍ത്തു. 

പതിനാറ് വയസിന് തഴെയുള്ള കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണത്തിന് പ്രവര്‍ത്തനരഹിതമായ വൈറസ് അടിസ്ഥാനമാക്കി നിര്‍മിച്ച വാക്‌സിനുകള്‍ ഉപയോഗിക്കണമെന്ന് അന്താരാഷ്ട്രചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ കോവാക്‌സിന്‍ മാത്രമാണ് കുട്ടികളിലെ പരീക്ഷണങ്ങള്‍ക്ക് അര്‍ഹമായിട്ടുള്ളത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ജനുവരി ആദ്യം അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ പിന്നീട് ഇതിന് അനുമതി നിഷേധിച്ചു. 

 

 

 

Content Highlights: Covaxin trials for age below 18 likely soon in Nagpur, India