ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വിവിധ വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍). ഇരട്ട വകഭേദം സംഭവിച്ച SARS-CoV-2 നെ ഫലപ്രദമായി പ്രതിരോധിക്കാനും തദ്ദേശനിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് സാധിക്കുമെന്ന് പഠനഫലം വ്യക്തമാക്കിയതായി  ഐസിഎംആര്‍ ബുധനാഴ്ച അറിയിച്ചു. 

കോവിഡ്-19 ന് കാരണമാകുന്ന SARS-CoV-2 ന്റെ യുകെ, ബ്രസീല്‍ വകഭേദങ്ങളെ നിര്‍വീര്യമാക്കാന്‍ കോവാക്‌സിന് ശേഷിയുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞതായി ഐസിഎംആര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചത്.

SARS-CoV-2 ന്റെ ഇരട്ട വകഭേദം സംഭവിച്ച ഇന്ത്യന്‍ പതിപ്പിനേയും കോവാക്‌സിന് നിര്‍വീര്യമാക്കാനാവുമെന്ന ഐസിഎംആറിന്റെ പഠനഫലം കോവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക വഴിത്തിരിവാകും. ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങളാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 

Content Highlights: Covaxin neutralises UK, Brazil variants and double mutant SARS-CoV-2 ICMR