ന്യൂഡല്‍ഹി: രാജ്യം കോവിഡ് വ്യാപനത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിന്‍ പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. 

പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കോവാക്‌സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഇത് സംബന്ധിച്ച് മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഇന്‍ഫെക്ഷിയസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുസിത്ര എല്ല ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

നേരത്തെ കോവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്സിന്‍ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഇപ്പോഴുള്ള യഥാര്‍ത്ഥ പ്രതിസന്ധികള്‍ക്കിടയിലും പ്രതിരോധ കുത്തിവെപ്പ് കോവിഡിനെതിരായ ഒരു പ്രധാന മറുമരുന്ന് ആയിരിക്കും വാക്‌സിനെന്നും ഡോ.ഫൗചി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ഐസിഎംആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചെടുത്തത്. ക്ലിനിക്കല്‍ പരീക്ഷണത്തിലിരിക്കുമ്പോള്‍ തന്നെ ജനുവരി മൂന്നിന് വാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. നിലവില്‍ രാജ്യത്ത് ലഭ്യമായ മൂന്ന് കോവിഡ് വാക്‌സിനുകളില്‍ ഒന്നാണ് കോവാക്‌സിന്‍.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്താകമാനം ഇതുവരെ 18,22,20,164 ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്.

Content Highlights: COVAXIN effective against coronavirus strains found in India, UK