ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് ഹാദിയ കേസില്‍ സുപ്രീംകോടതി. വിവാഹം നിയമവിരുദ്ധമോ അസാധുവോ ആകാം. എന്നാല്‍ പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ എന്നത് മാത്രമാണ് തങ്ങള്‍ക്ക് മുന്നിലുള്ള നിയമപരമായ ചോദ്യമെന്നും സുപ്രീംകോടതി പറഞ്ഞു.

കഴിഞ്ഞ ദിവസം ഹാദിയ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അച്ഛന്‍ അശോകനും എന്‍.ഐ.എ.ക്കും അനുമതി നല്‍കിയ കോടതി, കേസ് മാര്‍ച്ച് എട്ടിലേക്ക് മാറ്റി. കേസില്‍ കക്ഷിയല്ലാത്ത രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്ന പരാമര്‍ശങ്ങളും കോടതി നീക്കംചെയ്തു. 

ഹാദിയയുടേത് സാധാരണ കേസായി കാണാനാവില്ലെന്നും മതംമാറ്റത്തിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും അശോകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോകുന്ന കാര്യം ഹാദിയ അശോകനോട് പറഞ്ഞിരുന്നു. ഹാദിയക്ക് പിന്നില്‍ ചില സംഘടിത ശക്തികളുണ്ടെന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ അശോകന് ബോധ്യപ്പെട്ടുവെന്നും ദിവാന്‍ പറഞ്ഞു. 

എന്നാല്‍ അങ്ങനെ സംഘടിത ശക്തികളുണ്ടെങ്കില്‍ തന്നെ അക്കാര്യം നിയമം കൈകാര്യം ചെയ്തുകൊള്ളുമെന്ന് ചീഫ ്ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഹൈക്കോടതിക്ക് ഭരണഘടനയുടെ 226ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ച് പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സമ്മതത്തോടെ വിവാഹം ചെയ്തത് റദ്ദാക്കാനാകുമോ എന്നതാണ് ചോദ്യം. വിവാഹവും എന്‍.ഐ.എ. അന്വേഷണവും രണ്ടായി കാണുമെന്നും കോടതി ആവര്‍ത്തിച്ചു.

ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില്‍ മനുഷ്യക്കടത്താണെങ്കില്‍ത്തന്നെ അത് തടയാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. പൗരന്‍മാരുടെ വിദേശയാത്ര നിയമവിരുദ്ധമാണെങ്കില്‍ സര്‍ക്കാരിന് തടയാം. എന്നാല്‍ ശരിയായ വ്യക്തിയെ അല്ല വിവാഹം കഴിച്ചത് എന്ന കാരണത്താല്‍ അത് റദ്ദാക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും അദ്ദേഹം വാക്കാല്‍ നിരീക്ഷിച്ചു. 

അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായി എന്‍.ഐ.എ.ക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് പറഞ്ഞു. യെമനിലേക്ക് പോയ രണ്ടുപേരെക്കുറിച്ച് ഒഴികേ മറ്റെല്ലാ അന്വേഷണവും കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. 

കേസില്‍ ഇനിയൊന്നും ബാക്കിയില്ലെന്നും ഉത്തരവിറക്കണമെന്നും ഹാദിയക്കും ഷഫീന്‍ ജഹാനും വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഹാദിയ കോടതിയില്‍ ഹാജരായി എല്ലാം പറഞ്ഞതാണ്. തുടര്‍ന്ന് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നുവെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.