ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തിലെ തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണഅധികാരമുണ്ടെന്നും കോടതികള്‍ക്ക് സൂപ്പര്‍ രക്ഷാകര്‍ത്താവ് ചമയാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.

പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാന്‍ നിരുപാധിക അവകാശമുണ്ട്. അതില്‍ വിലക്കുകളുണ്ടാകാന്‍ പാടില്ല. പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം അവള്‍ക്ക് ആസ്വദിക്കാം. ആഗ്രഹമുള്ളയിടത്ത് പോകാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവള്‍ക്ക് സാധിക്കും. ലക്ഷ്യങ്ങള്‍ നേടുന്നതില്‍നിന്ന് അവളെ തടയാനാകില്ലെന്നും- ദീപക് മിശ്ര നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയായ മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.

മകളുടെ സംരക്ഷണാവകാശം അമ്മയ്ക്കു നല്‍കിക്കൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവും ഹര്‍ജിക്കൊപ്പം സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു.

ഹര്‍ജിക്കാരിയുടെ മകള്‍ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കുവൈറ്റിലേക്ക് പോകാനും അവിടെ അച്ഛനൊപ്പം താമസിക്കാനും പെണ്‍കുട്ടി തീരുമാനിച്ചു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും അതിനാല്‍ തന്നെ ആര്‍ക്കൊപ്പം ജീവിക്കണമെന്ന് തീരുമാനമെടുക്കാന്‍ അവള്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

content highlights: Courts Can not Play Super-guardians to Adult Women, Says Supreme Court