ചെന്നൈ: ആഡംബരക്കാറിന്റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട കേസിൽ നടൻ വിജയ്ക്ക് ആശ്വാസം. നടനെ രൂക്ഷമായി വിമർശിക്കുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്ത സിംഗിൾ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ നീതി രഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ സ്റ്റേചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ആവശ്യം പൂർണമായി അംഗീകരിക്കപ്പെട്ടു. ഒപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കാനുള്ള വിധിയും ജസ്റ്റിസ് എസ്.ദുരൈസ്വാമി, ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

വിജയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് നാരായണനാണ് ഹാജരായത്. പ്രവേശന നികുതിയെ ചോദ്യം ചെയ്തല്ല, സിംഗിൾ ബെഞ്ച് വിധിയിലെ പരാമർശങ്ങളെ ചോദ്യം ചെയ്താണ് ഹർജിയെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. വിജയ് അടയ്ക്കാൻ ബാക്കിയുള്ള 80 ശതമാനം പ്രവേശന നികുതി വേഗത്തിൽ അടയ്ക്കണം എന്ന് കോടതി നിർദേശിച്ചു. വിഷയം നീട്ടിക്കൊണ്ടു പോകാൻ താൽപര്യമില്ല, അതിനാൽ ഒരാഴ്ചക്കകം നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് വിജയ്യുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യവും കോടതി അംഗീകരിച്ചു.

ജൂലൈ 13നാണ് വിജയ്യെ വലിയ പ്രതിരോധത്തിലാക്കിയ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി വന്നത്. സിനിമയിൽ മാത്രം മതിയോ അഴിമതിക്കെതിരായ പോരാട്ടം, ജീവിതത്തിൽ റീൽ ഹീറോയാണോ താങ്കൾ തുടങ്ങിയ പരാമർശങ്ങളോടെയായിരുന്നു വിധി. 2012 ൽ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന് വിജയ് അഞ്ച് കോടിയോളം രൂപ ഇറക്കുമതി തീരുവ അടച്ചതാണ്. എന്നാൽ ഇതിന് പുറമേ പ്രവേശന നികുതി കൂടി വേണമെന്ന നോട്ടീസിനെതിരേ താരം കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights: Court stays critical order passed against actor Vijay