ന്യഡല്‍ഹി:  ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതുകൊണ്ട് ജുഡീഷ്യറിയില്‍ സുതാര്യത വന്നുവെന്ന് സ്ഥാനമൊഴിയുന്ന സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായും കുര്യന്‍ ജോസഫ് പറഞ്ഞു.  അന്തിമമായ നിയമം നടപ്പാക്കുന്നത് തടയുന്നത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഭരണഘടനാ ധാര്‍മികത മാത്രം നോക്കിയുള്ള വിധി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനവിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ധാര്‍മികത മാത്രം പരിഗണിച്ചാകരുത് വിധി പുറപ്പെടുവിക്കേണ്ടത്. മതപരമായ ആചാരങ്ങള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെങ്കില്‍ കോടതി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ മാത്രം കോടതി ആചാരങ്ങളില്‍ ഇടപെട്ടാല്‍ മതി. ഭരണഘടനയുടെ ലക്ഷമണ രേഖ ആരും മറികടക്കരുതെന്നും, ഈ രാജ്യത്തെ നിലനിര്‍ത്തുന്നത് ഭരണഘടനയാണെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി. കഴിവുള്ള ജഡ്ജിമാരെ ലഭിക്കുന്നില്ല എന്നതാണ് ജുഡീഷ്യറി നേരിടുന്ന പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത നീതിപീഠങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് സെക്രട്ടറിയേറ്റ് രൂപീകരിക്കണമെന്നും കൊളീജിയം സംവിധാനത്തില്‍ സുതാര്യത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല, അയോധ്യാ കേസുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ താന്‍ പ്രതികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് വര്‍ഷവും എട്ട് മാസവും നീണ്ട സേവനത്തിന് ശേഷമാണ് കുര്യന്‍ ജോസഫ് സുപ്രീംകോടതി ജഡ്ജിയെന്ന പദവിയില്‍ നിന്ന് സ്ഥാനമൊഴിഞ്ഞത്. അഞ്ച് വര്‍ഷത്തെ സേവന കാലാവധിക്കിടെ ആയിരത്തി മുപ്പത്തി അഞ്ച് വിധി ന്യായങ്ങള്‍ എഴുതി റെക്കോഡ് നേട്ടത്തോടെയാണ് ജസ്റ്റിസ് കുര്യന്‍ വിരമിക്കുന്നത്.

Content Highlights: Justice Kurian Joseph, Supreme Court, Sabarimala Case, consitution Of India