ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ജാമ്യം. ഡല്‍ഹി പട്യാല കോടതിയാണ് റോബര്‍ട്ട് വദ്രയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടാല്‍ ഏതുസമയത്തും ഹാജരാകണം, അഞ്ചുലക്ഷം രൂപ വീതമുള്ള രണ്ടുജാമ്യക്കാരെ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് പട്യാല കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയത്. റോബര്‍ട്ട് വദ്രയ്ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഡ്വ. അഭിഷേക് മനു സിങ്വി കോടതിയില്‍ ഹാജരായി. റോബര്‍ട്ട് വദ്രയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ സഹായി മനോജ് അറോറയ്ക്കും പട്യാല കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട ഇരുവരും നിലവില്‍ ഇടക്കാലജാമ്യത്തിലായിരുന്നു. 

ലണ്ടനിലെ ബ്രയാന്‍സ്റ്റണ്‍ സ്‌ക്വയറില്‍ 1.9 മില്യണ്‍ പൗണ്ട് വിലവരുന്ന വസ്തുവകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ ചോദ്യം ചെയ്തിരുന്നു. 

 

Content Highlights: court granted anticipatory bail for robert vadra in money laundering case