മുംബൈ: അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകാത്തതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി കങ്കണയോട് നിര്‍ദേശിച്ചു. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതിയുടെ നിർദേശം. അന്ധേരിയിലെ മെട്രോപൊളിറ്റന്‍ കോടതിയാണ് കേസ് പരിഗണിച്ചത്.

എന്നാല്‍, കേസില്‍ കങ്കണയ്‌ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ജവേദ് അക്തറിന്റെ അപേക്ഷ കോടതി നിരസിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കങ്കണ ഹാജരായില്ലെങ്കില്‍ പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കി.

കേസ് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. കോടതിയില്‍ ഹാജരാകുന്നത് സ്ഥിരമായി ഒഴിവാക്കിത്തരണമെന്ന് കങ്കണയുടെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു. ജോലിയുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കങ്കണ അറിയിച്ചു. എന്നാല്‍, ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജാവേദ് അക്തർ കങ്കണയ്‌ക്കെതിരേ പരാതി നൽകിയത്. ടെലിവിഷന്‍ അഭിമുഖത്തിനിടെ കങ്കണ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി. കങ്കണയുടെ പരാമര്‍ശം തന്റെ സത്‌പേരിനു കളങ്കമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

Content Highlights: Court gives kangana ranaut last chance for exemption in Javed akhtar defamation case