ചണ്ഡീഗഢ്: ഹോട്ടൽമുറിയിലെ പാത്രം ഹോമകുണ്ഡമാക്കി നടത്തിയ ഒളിച്ചോട്ടകല്ല്യാണം അസാധുവാക്കി പഞ്ചാബ് - ഹരിയാന ഹൈക്കോടതി. ഒളിച്ചോടി വിവാഹിതരായ കൗരമാരക്കാരായ ദമ്പതികൾ സുരക്ഷ ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്തംബർ 26ന് 20 വയസുകാരിയും 19 വയസുകാരനും തമ്മിൽ ഒളിച്ചോടി കല്യാണം കഴിച്ചിരുന്നു. തുടർന്ന് ഇരുവരുടേയും കുടുംബങ്ങളിൽ നിന്ന് ഭീഷണിയുണ്ടെന്നും തങ്ങൾക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചു. എന്നാൽ, കോടതി ഇവരുടെ വിവാഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ രേഖകളായി സർട്ടിഫിക്കറ്റുകളോ കല്യാണ ഫോട്ടോകളോ ഉണ്ടായിരുന്നില്ല. പാത്രത്തിൽ വെച്ച ഹോമകുണ്ഡവും സിന്ദൂരവും ആയിരുന്നു തെളിവായി ഇവർ കോടതിയിൽ ഹാജരാക്കിയത്.

ആൺകുട്ടി ഹോട്ടലിൽ വെച്ച് സിന്ദൂരം അണിയിച്ചുവെന്നും ആചാരപ്രകാരം പാത്രത്തിൽ തയ്യാറാക്കിയ ഹോമകുണ്ഡത്തിന് മുമ്പിൽ പരസ്പരം മാലചാർത്തിയെന്നുമാണ് ഇവർ കോടതിയിൽ പറഞ്ഞത്. എന്നാൽ ഈ സമയത്ത് മന്ത്രം ചൊല്ലിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു.

എന്നാൽ ഹോമകുണ്ഡം പാത്രത്തിലാക്കി, ഹോട്ടൽ മുറിയിൽ വെച്ച് നടത്തിയ ഈ കല്യാണത്തിന് സാധുതയില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ദമ്പതികൾക്ക് 25,000 രൂപ കോടതി പിഴയിടുകയും ചെയ്തു.

ആൺകുട്ടിയ്ക്ക് കല്യാണ പ്രായം തികഞ്ഞിട്ടില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഇവർക്ക് സുരക്ഷ ഒരുക്കാൻ വേണ്ടിയിട്ട് പഞ്ചക്കുള പോലീസ് കമ്മീഷണറോട് നിർദ്ദേശിക്കുകയും ചെയ്തു. 

Content Highlights: Couple Elopes to Marry in Hotel Room, HC Says ‘Saat Pheras’ With Fire Lit in Utensil is Not Valid