കൊല്‍ക്കത്ത: ഇന്ത്യയുടെ സാമ്പദ്വ്യവസ്ഥ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എന്നാല്‍ പ്രതിസന്ധിയല്ലെന്നും നീതി ആയോഗ് വിശിഷ്ടാഗത്വം രാംഗോപാല്‍ അഗര്‍വാല. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്കരണ നടപടികള്‍ ആവശ്യമായിരുന്നെങ്കിലും അത് തിടുക്കത്തില്‍ നടപ്പാക്കിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സില്‍ സംസാരിക്കുകയായിരുന്നു രാംഗോപാല്‍ അഗര്‍വാല.
"യഥാര്‍ത്ഥത്തില്‍ നോട്ട്മാറ്റിയെടുക്കലാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ നോട്ട് നിരോധനമല്ല. കള്ളപ്പണം സമ്പദ് വ്യവസ്ഥയെ മുറിവേല്‍പ്പിക്കുന്നുണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍ കൂടുതല്‍ ആലോചനകള്‍ വേണ്ടിയിരുന്നു", അദ്ദേഹം പറഞ്ഞു.
തന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍, ജി.എസ്.ടി ഒരു നല്ല നടപടിയായിരുന്നു, പക്ഷേ അത് നടപ്പാക്കുമ്പോള്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. ഇത്തരം സാമ്പത്തിക പരിഷ്കാരങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം.
എല്ലാവരെയും ഉൾക്കൊള്ളൽ നല്ല വളര്‍ച്ച കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗസമത്വം ഉറപ്പാക്കുമ്പോള്‍ എല്ലാ ജാതികളേയും സമുദായങ്ങളേയും ഉള്‍പ്പെടുത്തേണ്ടതുണ്ട്. അടുത്ത 15 വര്‍ഷത്തേക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പ്രതിവര്‍ഷം കുറഞ്ഞത് എട്ട് ശതമാനം വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധനനയം ലഘൂകരിക്കുന്നതിലൂടെ സ്വകാര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം എത്തേണ്ടതുണ്ട്. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ കൈവരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം അഭികാമ്യമാണ്, പക്ഷേ അഭിലഷണീയമായ മധ്യവര്‍ഗത്തിന് വരുമാന അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Country's economy facing difficult situation, not in crisis-Ramgopal Agarwala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..