ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സിപിഐ നേതാവ് കനയ്യ കുമാര്‍. കോണ്‍ഗ്രസ് എന്നാല്‍ വെറുമൊരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ല, അതൊരു ആശയമാണ്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് കോണ്‍ഗ്രസ് ഇല്ലാതെ രാജ്യം രക്ഷപ്പെടില്ലെന്നാണ് ഞാനടക്കമുള്ള പലരും ചിന്തിക്കുന്നതെന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കനയ്യ കുമാര്‍ പറഞ്ഞു. ബിജെപിയെ എതിർക്കാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി വലിയൊരു കപ്പലാണ്. അത് സംരക്ഷിക്കപ്പെട്ടാല്‍ നിരവധി ജനങ്ങളുടെ അഭിലാഷങ്ങള്‍ മാത്രമല്ല, ഗാന്ധിജി മുന്നോട്ടുവെച്ച ഐക്യം, ഭഗത് സിങ്, അംബേദ്കര്‍ എന്നിവര്‍ മുന്നോട്ടുവെച്ച തുല്യത എന്നീ ആശയങ്ങളും സംരക്ഷിക്കപ്പെടും. അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഈ രാജ്യത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും ചരിത്രവും ഭാവിയും നശിപ്പിക്കാന്‍ മറ്റൊരു പ്രത്യയശാസ്ത്രം ശ്രമിക്കുന്നതായി തോന്നുന്നതിനാലാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസിനെ രക്ഷിക്കാതെ ഈ രാജ്യത്തെ രക്ഷിക്കാന്‍ കഴിയില്ലെന്ന് എന്നപ്പോലെ കോടിക്കണക്കിന് യുവാക്കള്‍ കരുതുന്നുവെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസില്‍ ചേര്‍ന്നത് രാജ്യത്തെ രക്ഷിക്കാനാണെന്ന് ജിഗ്നേഷ് മേവാനിയും പ്രതികരിച്ചു. രാജ്യം അഭൂതപൂര്‍വമായ പ്രതിസന്ധി നേരിടുകയാണ്. അതിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും ജിഗ്നേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഏറെക്കാലമായി ഉയര്‍ന്നുകേട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് എഐസിസി ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കനയ്യ പാര്‍ട്ടിയെ ചതിച്ചുവെന്നായിരുന്നു സിപിഐ ദേശീയ സെക്രട്ടറി പ്രതികരിച്ചത്. 

Content Highlights:  country can't survive without Congress, Ex- CPI leader Kanhaiya Kumar after joining Congress