ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ പ്രകാരം രണ്ട് ലോക്സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി(എസ്) സഖ്യം മുന്നേറുന്നു. ബെല്ലാരിയില്‍ കോണ്‍ഗ്രസും മാണ്ഡ്യയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയും മികച്ച ലീഡ് നേടിക്കഴിഞ്ഞു. മാണ്ഡ്യയിലും ബെല്ലാരിയിലും സഖ്യ സ്ഥാനാര്‍ഥികള്‍ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു.
ശിവമോഗ ലോക്സഭാ സീറ്റില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ ബി.വൈ രാഘവേന്ദ്രയാണ് ലീഡ് ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന് മധു ബംഗാരപ്പയാണ് ഇവിടുത്തെ ജെഡിഎസ് സ്ഥാനാര്‍ഥി.
നിയമസഭാ സീറ്റുകളായ രാമനഗരയില്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാര സ്വാമി ലീഡ് ചെയ്യുമ്പോള്‍, ജാംഘണ്ഡിയില്‍ കോണ്‍ഗ്രസാണ് മുന്നില്‍. രാമനഗരയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുമ്പാണ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് മുന്നിട്ട് നില്ക്കുന്ന ബെല്ലാരി റെഡ്ഡി സഹോദരന്മാരുടെയും ബിജെപി നേതാവ് ശ്രീരാമലുവിന്റെയും തട്ടകമാണ്. ശ്രീരാമലു എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയെയാണ് ഇവിടെ ബിജെപി കളത്തിലിറക്കിയത്. കോണ്‍ഗ്രസിലെ വി.എസ് ഉഗ്രപ്പ 60,000 ത്തിലധികം വോട്ടിനാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
മാണ്ഡ്യയില്‍ ജെഡിഎസ്സിലെ ശിവരാമെ ഗൗഡ ബിജെപിയിലെ സിദ്ധരാമയ്യക്കെതിരെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. യെദ്യൂരപ്പയുടെ മകന് മത്സരിക്കുന്ന ശിവമോഗയില്‍ 30,000 ത്തോളം വോട്ടിന്റെ ലീഡാണ് രാഘവേന്ദ്രയ്ക്കുള്ളത്. മറ്റിടങ്ങളിലെല്ലാം വന്‍ മാര്‍ജിനില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സ്ഥാനാര്‍ഥികള്‍ ജയത്തിലേക്ക് നീങ്ങുകയാണ്.
ജാംഘണ്ഡി മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മകന് ആനന്ദ് ന്യാമഗൗഡയാണ് ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് കുല്‍ക്കര്‍ണിയ്ക്കെതിരെ മത്സരിക്കുന്നത്.
സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇരു വിഭാഗങ്ങള്‍ക്കും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഉപതിരഞ്ഞെടുപ്പ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..