കൊല്‍ക്കത്ത:  നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചതിന്റെ യുക്തി തനിക്ക്  മനസ്സിലാകുന്നില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി. താനൊരു സാമ്പത്തിക വിദഗ്ധനല്ല എന്ന് സ്വയം സമ്മതിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

നിരോധിച്ച നോട്ടുകളുടെ മൂല്യത്തിന്  തുല്യമായ മൂല്യത്തില്‍ പുതിയ നോട്ടുകള്‍ വിപണിയിലെത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാഗരിക ബുദ്ധിജീവികളെക്കാള്‍ ഗ്രാമീണ ജനതയാണ് നോട്ട് നിരോധനത്തെ ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

'ഞാനൊരു വിദഗ്ധനൊന്നുമല്ല, ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ നോട്ടുകള്‍ നിരോധിച്ച് അതേ വേഗതയില്‍ സര്‍ക്കാര്‍ പുതിയ നോട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ കാരണം എന്തായിരുന്നു എന്ന് മനസ്സിലാകുന്നില്ല. ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന് ഒരു വിദഗ്ധന് മാത്രമേ ഉത്തരം നല്‍കാന്‍ കഴിയൂ. എനിക്ക് മനസ്സിലാകുന്നില്ല, നിങ്ങള്‍ വിദഗ്ധരോട് ചോദിക്കണം. പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി നടത്തിയ ആശയസംവാദത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.'

നഗരങ്ങളിലെ ബുദ്ധിജീവികള്‍ നോട്ട് നിരോധന ആശയത്തെ അത്ര പിന്തുണച്ചില്ല, എന്നാല്‍ ഗ്രാമീണ ഇന്ത്യയിലെ ഭൂരിഭാഗവും അതിനെ സ്വാഗതം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights; Could not understand logic behind demonetisation, Narayana Murthy, infosys