അഹമ്മദാബാദ്: കോവിഡ് 19 ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുടെ ലൈസന്‍സ് അഹമ്മദാബാദ് ആസ്ഥാനമായുള്ള കൊസാര ഡയഗനോസ്റ്റിക്‌സ് കമ്പനി സ്വന്തമാക്കി. കിറ്റ് നിര്‍മ്മിക്കാന്‍ സെന്റട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ലൈസന്‍സ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് കൊസാര. നിലവില്‍ ഇവര്‍ക്ക് മാത്രമേ കോവിഡ് ടെസ്റ്റ് കിറ്റ് നിര്‍മ്മാണത്തിനുള്ള അനുമതി ഇന്ത്യയില്‍ ലഭിച്ചിട്ടുള്ളൂ.

സാംപിള്‍ കിറ്റുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധിച്ച് സാധുത വരുത്താന്‍ അയച്ചിട്ടുണ്ട്. അംബാലാല്‍ സാരാഭായ് എന്റര്‍പ്രൈസസും കോ ഡയഗനോസ്റ്റിക്‌സും ഒന്നിച്ചു ചേര്‍ന്നുള്ള സംരംഭമാണ് കൊസാര ഡയഗനോസ്റ്റിക്‌സ്.

കിറ്റുകളുടെ ശരിയായ വില ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ല. നിലവില്‍ രാജ്യത്ത് ലഭ്യമായ ഇറക്കുമതി ചെയ്ത കിറ്റുകളേക്കാള്‍ വിലക്കുറവുള്ള കിറ്റുകളായിരിക്കും കൊസാരയുടേതെന്ന് കമ്പനി സിഇഒ മോഹല്‍ സാരാഭായ് പറഞ്ഞു.

1000-1200 രൂപ വിലയുള്ള കിറ്റുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. കിറ്റുണ്ടാക്കാന്‍ ആവശ്യമായ വസ്തുക്കളുടെ ആവശ്യം ആഗോള തലത്തില്‍ തന്നെ കൂടിയതിനാല്‍ അവയുടെ വിലയും ക്രമാതീതമായി ഉയരുകയാണ് ഇതിനാലാണ് വിലനിര്‍ണ്ണയം നടത്താനാവാത്തതെന്നും സാരാഭായ് പറഞ്ഞു. 

വഡോദരയിലെ റാനൊലിയിലാണ് നിലവിലെ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.പ്രതിദിനം 10,000 കിറ്റുകള്‍ നിര്‍മ്മിക്കാനാവുമെന്നാണ് പ്രതീക്ഷ.

Content Highlights: CoSara bags licence to make Covid 19 test kits in India