പഠിപ്പിച്ചത് വികലമായ ചരിത്രം തിരുത്തിയെഴുതണം- കേന്ദ്രമന്ത്രി; മഹാഭാരതം, ധർമശാസ്ത്രം പഠിപ്പിക്കാൻ UGC


ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും കുട്ടികളെ പഠിപ്പിക്കാൻ ഡി.ഡി. കിഡ്‌സ് ചാനൽ തുടങ്ങണമെന്നും പ്രാദേശികഭാഷകളിൽ ഉൾപ്പെടെ തദ്ദേശീയ കോമിക്കുകൾ സൃഷ്ടിക്കണമെന്നും സമിതി ശുപാർശ ചെയ്തു.

മഹേന്ദ്ര നാഥ് പാണ്ഡെ (Photo: PTI), പ്രതീകാത്മക ചിത്രം | മാതൃഭൂമി

ന്യൂഡൽഹി: ഇന്ത്യയിൽ പ്രത്യേക കൂട്ടം ചരിത്രകാരന്മാർ ചേർന്ന് പഠിപ്പിച്ചത് ചരിത്രത്തിന്റെ വികലമായ പതിപ്പാണെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ. ഇന്ത്യൻ ചരിത്രം പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും വൈകല്യങ്ങൾ തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും അഖില ഭാരതീയ ഇതിഹാസ സങ്കലൻ യോജനയും ചേർന്ന് ബിഹാർ ജമുഹറിലെ ഗോപാൽ നാരായൺ സിങ് സർവകലാശാലയിൽ നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘പ്രാചീന ഇന്ത്യൻ ചരിത്രത്തെ മഹത്ത്വവത്‌കരിക്കണം. പ്രത്യേക പ്രത്യയശാസ്ത്രത്തിൽപ്പെട്ട ചില ചരിത്രകാരന്മാർ നമുക്കുമുന്നിൽ അവതരിപ്പിച്ച ഇന്ത്യൻ ചരിത്രത്തിന്റെ വികലമായ വീക്ഷണം നമ്മൾ മാറ്റണം. ഇന്ത്യൻ നാഗരികത വളരെ പഴക്കമുള്ളതാണ് എന്നതാണ് യാഥാർഥ്യം. ഈ നാഗരികതയിലെ ആളുകൾ അറിവിന്റെയും ഭരണത്തിന്റെയും കാര്യത്തിൽ ലോകത്തെ ഒട്ടുമിക്ക ആളുകളേക്കാളും വളരെ മുന്നിലായിരുന്നു. രേഖകൾ നേരെയാക്കേണ്ടത് രാഷ്ട്രത്തിന് പ്രധാനമാണ്. ചരിത്രം വസ്തുനിഷ്ഠമായ രീതിയിൽ രേഖപ്പെടുത്തണം. സമുദ്രഗുപ്തനെയും സ്കന്ദഗുപ്തനെയും പോലെയുള്ള മഹാന്മാരായ ചക്രവർത്തിമാരെക്കുറിച്ച് നമ്മുടെ പുരാതന ചരിത്രപുസ്തകങ്ങളിൽ പരാമർശിക്കുന്നില്ല. ഇന്ത്യയ്ക്ക് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചെന്ന് പറയാം, പക്ഷേ, ഇതുവരെ നമുക്ക് സാംസ്കാരിക സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല’ -മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലത്തെ ശരിയായ രൂപത്തിൽ പ്രകീർത്തിക്കാനുള്ള ശരിയായ സമയമാണിതെന്ന് സമ്മേളനത്തിൽ സംസാരിച്ച ആർ.എസ്.എസ്. ദേശീയ നിർവാഹക സമിതിയംഗം സുരേഷ് സോണി പറഞ്ഞു. ഈ പ്രക്രിയ ആരംഭിച്ചതായും ആവശ്യമായ എല്ലാ തിരുത്തലുകളും ഇന്ത്യൻ ചരിത്രത്തിൽ നടക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ ഗെയിമുകളിലും ചിത്രകഥകളിലും ഇന്ത്യൻസംസ്കാരം വേണം

ന്യൂഡൽഹി: വീഡിയോ ഗെയിമുകൾ, ഓൺലൈൻ ഗെയിമുകൾ, കോമിക്കുകൾ എന്നിവയിലെല്ലാം തദ്ദേശീയസംസ്കാരം വേണമെന്ന് സർക്കാർസമിതിയുടെ ശുപാർശ.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും കുട്ടികളെ പഠിപ്പിക്കാൻ ഡി.ഡി. കിഡ്‌സ് ചാനൽ തുടങ്ങണമെന്നും പ്രാദേശികഭാഷകളിൽ ഉൾപ്പെടെ തദ്ദേശീയ കോമിക്കുകൾ സൃഷ്ടിക്കണമെന്നും സമിതി ശുപാർശ ചെയ്തു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനുകീഴിൽ ഏപ്രിലിൽ രൂപവത്കരിച്ച ഇരുപതംഗ സമിതിയാണ് ശുപാർശനൽകിയത്. മേഖലയെ പ്രോത്സാഹിപ്പിക്കാൻ ബജറ്റിൽ തുക വകയിരുത്തുകയും മികവിന്റെ ദേശീയകേന്ദ്രം തുടങ്ങുകയും വേണമെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. മികവിന്റെ കേന്ദ്രംവഴി ബിരുദകോഴ്‌സുകൾ നൽകണം. രാമായണം, മഹാഭാരതംപോലുള്ള പുരാണങ്ങളിൽനിന്ന് സ്വാധീനമുൾക്കൊള്ളുന്ന ഓൺലൈൻ ഗെയിമുകളും വീഡിയോ ഗെയിമുകളും തയ്യാറാക്കാം. മൂന്നുവർഷത്തിനകം 70,000 സ്കൂൾ അധ്യാപകർക്ക് ഈ മേഖലയിൽ പരിശീലനം നൽകാനും നിർദേശമുണ്ട്.

നൈപുണ്യവികസന മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് സ്കിൽസ് കൗൺസിൽ എന്ന സംഘടനയാണ് അധ്യാപകപരിശീലനം നൽകുക. അതിനായി സംഘടന എൻ.സി.ഇ.ആർ.ടി., സി.ബി.എസ്.ഇ. എന്നിവയുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.

മഹാഭാരതവും ധർമശാസ്ത്രവും അധ്യാപകരെ പഠിപ്പിക്കും; മാർഗരേഖയുമായി യു.ജി.സി.

തിരുവനന്തപുരം: ഭാരതീയ വിജ്ഞാനസമ്പ്രദായം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി മഹാഭാരതത്തിലെ സാമ്പത്തികദർശനവും പൗരാണിക ഇന്ത്യയിലെ കാർഷികരീതികളും അധ്യാപകരെ പഠിപ്പിക്കാൻ യു.ജി.സി. അധ്യാപകപരിശീലനത്തിനായുള്ള മാതൃകാ സിലബസിലാണ് ഈ പാഠഭാഗങ്ങൾ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ബിസിനസ് മാതൃകയും പഠിപ്പിക്കാൻ മഹാഭാരതത്തിനുപുറമേ, ധർമശാസ്ത്രവും അർഥശാസ്ത്രവുമൊക്കെ ആധാരമാക്കും.

കേരളത്തിലെ ആറന്മുളക്കണ്ണാടിയും ആര്യഭട്ട കാലത്തെ ജ്യോതിശ്ശാസ്ത്ര മാതൃകയുമൊക്കെ ഉൾപ്പെടുത്തിയാണ് കേസ് സ്റ്റഡി. ആയുർവേദം, അഷ്ടാംഗയോഗ, നാട്യശാസ്ത്രം തുടങ്ങിയവയിലെ അടിസ്ഥാനവശങ്ങളുമുണ്ടാകും.

ഇതിൽ കേരളസർക്കാർ നിയോഗിച്ച വിദഗ്ധസമിതി വിഷയപരിശോധന തുടങ്ങി. പ്രൊഫ. റൊമില ഥാപ്പർ, ഡോ. എം.എസ്. വല്യത്താൻ, പ്രൊഫ. പി.പി. ദിവാകരൻ, പ്രൊഫ. ശ്രീനിവാസ വരാകെഡി എന്നിവരെ ഉൾപ്പെടുത്തി ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് സമിതി രൂപവത്കരിച്ചത് .

മാതൃകാസിലബസ്‌ ഇങ്ങനെ

• പ്രവേശന കോഴ്‌സിന്റെ പദസഞ്ചയത്തിൽ മഹാപഞ്ചഭൂതവും ധർമം, പുണ്യം, ആത്മ, കർമം, ശക്തി, വർണം, ജാതി, മോക്ഷം, ദാനം, ഇതിഹാസം, പുരാണം തുടങ്ങിയ കാഴ്ചപ്പാടുകളും പ്രജ, ജനത, ലോകതന്ത്ര, പ്രജാതന്ത്ര, ഗണതന്ത്ര, സ്വരാജ്യ, രാഷ്ട്രം തുടങ്ങിയവയും പരിചയപ്പെടുത്തും.
• ധനശാസ്ത്രപഠനത്തിൽ പൗരാണിക ഭാരതത്തിലെ കൃഷിയും നിർമാണവും. മൂലധനം, വർഗീയത എന്നിവയ്ക്കപ്പുറം ജാതി, കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയവ.
• രസതന്ത്ര പഠനത്തിൽ ആയുർവേദ പാഠങ്ങളും ആയുർവേദ പരിശീലനവും.
• ലോഹപഠനത്തിൽ അർഥശാസ്ത്രത്തിലെ സ്വർണം, വെള്ളി എന്നിവയെക്കുറിച്ചുള്ള വിവരണം.
• ഇന്ത്യൻ ശാസ്ത്ര-സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കോഴ്‌സിൽ ഹാരപ്പൻ കാലത്തെയും ഗുജറാത്തിലെയും പരമ്പരാഗത ജലസംരക്ഷണ സംവിധാനം.
• വാസ്തുപഠനത്തിൽ ഹാരപ്പൻ കാലത്തെ നഗരാസൂത്രണം, ഭാരതവർഷത്തിലെ ഭൂമിശാസ്ത്രം, അയോധ്യ, കാശി, ദ്വാരക, കാഞ്ചി, അവന്തിക തുടങ്ങിയ ക്ഷേത്രങ്ങളുടെ ഘടന, ജയ്പുർ, മധുര, ശ്രീരംഗം തുടങ്ങിയ നഗരങ്ങളുടെ പരമ്പരാഗത നഗരാസൂത്രണത്തിന്റെ തുടർച്ച.
• ഗണിതപഠനത്തിൽ വേദകാലംമുതൽ ആധുനിക ഇന്ത്യ വരെയുള്ളവ.
• ജ്യോതിശ്ശാസ്ത്രപഠനത്തിൽ വേദകാലഘട്ടം മുതലുള്ളവ.

ചരിത്രം വളച്ചൊടിക്കുന്നത് ഭീഷണി -സ്റ്റാലിൻ

ചെന്നൈ: ചരിത്രം വളച്ചൊടിക്കപ്പെടുന്നതാണ് രാജ്യം നേരിടുന്ന വലിയ ഭീഷണികളിലൊന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭിപ്രായപ്പെട്ടു. കല്പിതകഥകളെ ചരിത്രം എന്നപേരിൽ അവതരിപ്പിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളിൽ വീണുപോകരുതെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനംചെയ്തു. ഇന്ത്യൻ ചരിത്രകോൺഗ്രസിന്റെ 81-ാം വാർഷികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘‘രാജാക്കന്മാരുടെ ധീരകൃത്യങ്ങളുടെ കഥകൾ മാത്രല്ല ചരിത്രം. സമസ്തമേഖലകളിൽനിന്നുള്ളവരുടെയും ജീവിതത്തെ അത് സ്പർശിക്കണം. സ്വയം അറിയണമെങ്കിൽ ചരിത്രം പഠിച്ചേ തീരൂ. അങ്ങനെയുള്ള ചരിത്രത്തിന് ശാസ്ത്രീയഗവേഷണങ്ങളുടെ പിൻബലം വേണം. അതൊന്നുമില്ലാതെ കെട്ടുകഥകൾ ചരിത്രമായി അവതരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്.

തിരഞ്ഞെടുത്ത ചില ആഖ്യാനങ്ങൾമാത്രമാണ് ചരിത്രം എന്നപേരിൽ ഇന്ത്യയിൽ പഠിപ്പിക്കുന്നതെന്നും ജനങ്ങളിൽ ആത്മാഭിമാനം നിറയ്ക്കുന്നതിനുപകരം അപകർഷബോധമാണ് അത് നിറയ്ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചരിത്രം പഠിപ്പിക്കുന്ന രീതി മാറണമെന്ന മോദിയുടെ നിർദേശത്തിനുള്ള പരോക്ഷവിമർശനംകൂടിയായിരുന്നു സ്റ്റാലിന്റെ പ്രസംഗം.

Content Highlights: Correct distorted history taught by particular group of historians - union minister

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented