തിരുവനന്തപുരം: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.

2100 രൂപയായിരുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1500 ലേക്കും 625 രൂപയായിരുന്ന ആന്റിജന്‍ ടെസ്റ്റിന് 300 രൂപയായിട്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചിരുന്നത്. ഇത് ചോദ്യം ചെയ്താണ് സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഐസിഎംആറിനാണ് കോവിഡ് ടെസ്റ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശമെന്നും സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അവകാശമില്ലെന്നും ലാബുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ തങ്ങളോട് കൂടിയാലോചന നടത്തിയില്ല. ഏകപക്ഷീയമായാണ് നിരക്ക് കുറച്ചതെന്നും ലാബുകള്‍ വാദിച്ചു. 

ലാബുകളുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ചര്‍ച്ചകള്‍ നടത്തി നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 

Content Highlights: coronavirus test rate-kerala high court-kerala government