ന്യൂഡല്‍ഹി: ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ യാത്രചെയ്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിവരികയാണെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇറ്റലിയില്‍നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ യാത്രചെയ്തത് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രസ്താവന.

ഫെബ്രുവരി 29ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യൂആര്‍ 514 വിമാനത്തില്‍ ദോഹയില്‍നിന്ന് കൊച്ചിയിലേയ്ക്ക് യാത്ര നടത്തിയ യാത്രക്കാരില്‍ കൊറോണ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ കൈക്കൊള്ളുന്നതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. 

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് പ്രാദേശിക, അന്താരാഷ്ട്ര ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് പറഞ്ഞു. വിമാനയാത്ര നടത്തിയവരില്‍ ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളതായി തോന്നിയാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും കമ്പനി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇറ്റലിയില്‍നിന്ന് എത്തിയ മൂന്നു പേരിലും ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 28നാണ് ഇവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്റെ ക്യൂആര്‍ 126 വെനീസ്-ദോഹ ഫ്ളൈറ്റില്‍ രാത്രി 11.20-നാണ് ഇവര്‍ ദോഹയിലെത്തിയത്. ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ ക്യൂആര്‍ 514 ദോഹ-കൊച്ചി ഫ്ളൈറ്റില്‍ 29ന്  രാവിലെ 8.20-ന് കൊച്ചിയിലെത്തി. ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തില്‍ 350 യാത്രക്കാരുണ്ടായിരുന്നു.

കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്. ഈ വിമാനങ്ങളില്‍ വന്നവര്‍ ഉടന്‍ തന്നെ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.

Content Highlights: coronavirus- Qatar Airways says working closely with Indian authorities