Photo - PTI
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജിമ്മുകള്‍, മ്യൂസിയങ്ങള്‍ എന്നിവ അടയ്ക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും യോഗങ്ങള്‍ മാറ്റിവെക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങളെല്ലാം മാര്‍ച്ച് 31 വരെ പാലിക്കേണ്ടതാണ്. സാഹചര്യമനുസരിച്ച് ഇവ സംബന്ധിച്ച അവലോകനം നടത്തും.
നിര്‍ദേശങ്ങള്‍
- എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങി), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക-സാമൂഹിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, തിയേറ്ററുകള്‍ എന്നിവ അടയ്ക്കണം. വിദ്യാര്‍ഥികള്‍ വീടുകളില്‍ തന്നെ കഴിയണം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം.
- പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു മീറ്ററിന്റെ ദൂരം ഉറപ്പാക്കിയതിനുശേഷം മാത്രമേ നിലവിലുള്ള പരീക്ഷകള്‍ നടത്താവൂ.
- സാധ്യമാകുന്നിടത്തെല്ലാം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിന് സ്വകാര്യമേഖലയിലെ സ്ഥാപങ്ങളെയും തൊഴിലുടമകളെയും പ്രോത്സാഹിപ്പിക്കണം.
- സാധ്യമാകുന്നിടത്തോളം മീറ്റിംഗുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുക. ധാരാളം ആളുകള്‍ പങ്കെടുക്കുന്ന മീറ്റിംഗുകള്‍ കുറയ്ക്കണം. അല്ലെങ്കില്‍ മാറ്റിവെയ്ക്കുക.
- റസ്റ്റോറന്റുകളില്‍ ഹാന്‍ഡ് വാഷിങ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുക. സ്ഥിരമായി സ്പര്‍ശിക്കുന്ന ഇടങ്ങള്‍ വ്യത്തിയായി സൂക്ഷിക്കുക. ടേബിളുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കുക. തുറന്ന സ്ഥലങ്ങളില്‍ പറ്റുമെങ്കില്‍ ഇരിപ്പടങ്ങള്‍ ക്രമീകരിക്കുക.
- വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുക. അത്യാവശ്യമല്ലാത്ത എല്ലാ സമൂഹിക-സാംസ്‌കാരിക പരിപാടികളും മാറ്റിവെയ്ക്കുക.
- വലിയ ജനക്കൂട്ടം ഒത്തുചേരുന്നു കായിക മത്സരങ്ങളുടെ സംഘാടകരുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംസാരിക്കുകയും അത്തരം പരിപാടികള്‍ മാറ്റിവെയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യണം.
- ബഹുജന സമ്മേളനങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രാദേശിക അധികാരികള്‍ മതനേതാക്കളുമായി സംസാരിക്കുകയും തിരക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും ആളുകള്‍ക്കിടയില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരം ഉണ്ടാകാന്‍ ശ്രദ്ധിക്കുകയും വേണം.
- വ്യാപാര സംഘടനകള്‍ വില്‍പ്പന സമയം ക്രമീകരിക്കുകയും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വേണം. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്, റെയില്‍വേ സ്റ്റേഷന്‍സ പോസ്റ്റ് ഓഫീസ് തുടങ്ങിയവയില്‍ കൃത്യമായ ആശയവിനിമയം നടത്തണം.
- എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളിലും ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. മാര്‍ക്കറ്റുകളിലെ തിരക്കേറിയ സമയം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
- അനിവാര്യമാല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ബസുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ തുടങ്ങിയ പൊതുഗതാഗതത്തില്‍ സാമൂഹിക അകലം വര്‍ദ്ധിപ്പിക്കണം. ഇതിന് പുറമേ ഉപരിതലങ്ങള്‍ അണുനാശീകരണം നടത്തണം.
- ആശുപത്രികള്‍ കോവിഡ് 19 മായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കണം. ആശുപത്രി സന്ദര്‍ശനം നിയന്ത്രിക്കണം.
- വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കുക.
- ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ സേവന ദാതാക്കള്‍ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം.
- സമൂഹമായി കൃത്യമായ ആശയവിനിമയം നടത്തുക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..