-
ന്യൂഡല്‍ഹി: കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്ന ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. കൊറോണ വൈറസിനെ നേരിടാനായി ഇന്ത്യ ചൈനയിലേക്ക് ഉടന്‍ മെഡിക്കല്‍ സാമഗ്രികള്‍ അയയ്ക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്റി വ്യക്തമാക്കി.
വൈറസിനെതിരെ പൊരുതികൊണ്ടിരിക്കുന്ന ചൈനയിലെ ജനങ്ങള്‍ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വൈറസിനെ തുരത്താന്‍ ചൈനയിലെ ജനങ്ങള്‍ക്ക് ധൈര്യമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. വൈകാതെ വൈറസ് ബാധയെ കീഴടക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച ചൈനീസ് മാധ്യമങ്ങള്‍ക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് മിസ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനയ്ക്ക് ആവശ്യമായ സഹായങ്ങളുടെ വിശദാംശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇത് പൂര്‍ത്തിയായാല്‍ സാധനങ്ങള്‍ അയയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ മാസ്കുകള്‍, കയ്യുറകള്‍, സ്യൂട്ടുകള്‍ എന്നിവ ആവശ്യമാണെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവയ്ക്ക് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ആവശ്യകത കൂടിയതോടെ ചൈനയില്‍ മാസ്കുകള്‍ കിട്ടാതായിരുന്നു. ഇത്തരം സാമഗ്രികളടക്കമുള്ളവയാകും ഇന്ത്യ ചൈനയ്ക്ക് കൈമാറുക.
കൊറോണ മൂലം പുതിയതായി 142 മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ചൈനയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1,665 ആയി ഉയര്‍ന്നു.
ഫെബ്രുവരി 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിന് ഷി ജിന്‍പിങ്ങിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശം അയച്ചിരുന്നു. ചൈനീസ് വിദേശകാര്യ വക്താവ് മോദിയുടെ സഹായ വാഗ്ദാനത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
Content Highlight: coronavirus; India will send medical supplies to China
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..