പ്രതീകാത്മക ചിത്രം | ഫൊട്ടൊ: മാതൃഭൂമി
ന്യൂഡല്‍ഹി: രാജ്യത്ത് 93 ദിവസത്തിനുശേഷം പ്രതിദിന കോവിഡ് വ്യാപനം 5000 കടന്നു. ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 5233 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ടുചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,90,282 ആയി. 1.67 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. 28,857 പേര് ചികിത്സയിലുണ്ട്.
ഏഴുപേര്‍കൂടി മരിച്ചതോടെ ആകെ മരണം 5,24,715 ആയി. രാജ്യത്ത് 194.43 കോടി ഡോസ് വാക്സിന് ഇതുവരെ വിതരണംചെയ്തു.
വിമാനത്തില്‍ മാസ്ക് വീണ്ടും നിര്‍ബന്ധം
ന്യൂഡല്‍ഹി: താക്കീതു നല്‍കിയിട്ടും മുഖാവരണം ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തില്‍ കയറ്റരുതെന്ന് വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി.എ.) വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു. ഇത്തരം യാത്രക്കാരില്‍നിന്ന് പിഴയീടാക്കാന്‍ വിമാനത്താവളങ്ങള്‍ പോലീസിന്റെയും സുരക്ഷാജീവനക്കാരുടെയും സഹായം തേടണമെന്നും ബുധനാഴ്ച പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.
മുഖാവരണം ധരിക്കാത്ത യാത്രക്കാര്‍ക്കെതിരേ കര്‍ശനനടപടിക്ക് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ഡി.ജി.സി.എ. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് നടപടി. യാത്രാമധ്യേ വിമാനജീവനക്കാര്‍ നല്കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ വകവെക്കാതെ കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ 'അച്ചടക്കമില്ലാത്ത യാത്രക്കാരായി' തരംതാഴ്ത്താനും കമ്പനികള്‍ക്ക് അധികാരം നല്കി. ഇത്തരക്കാരെ വിമാനത്തില്‍ കയറുന്നതില്‍നിന്ന് നിശ്ചിതകാലത്തേക്ക് വിലക്കാന്‍ കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ആശങ്കവേണ്ട, പരിശോധന വേണം
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ക്രമേണ കൂടിവരുന്നെങ്കിലും ആശങ്കവേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ആശുപത്രിചികിത്സ ആവശ്യമായിവരുന്നവരും കുറവാണ്. എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. കോവിഡ് ലക്ഷണമുള്ളവര്‍ പരിശോധന നടത്തണം.കോവിഡ് വാക്സിന് എടുക്കാനുള്ള എല്ലാവരും വാക്സിന് എടുക്കണം. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതല്‍ ഡോസ് എടുക്കാനുള്ളവരും എത്രയുംവേഗം എടുക്കണം. എല്ലാ കുട്ടികള്‍ക്കും വാക്സിന് നല്‍കണം -മന്ത്രി പറഞ്ഞു.
Content Highlights: Coronavirus India facemask plane
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..