ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം കൊറോണ വൈറസ് കേസുകള്‍ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്ക് കടന്ന് മഹാരാഷ്ട്ര. കേസുകള്‍ ഇതേനിലയില്‍ തുടരുകയാണെങ്കില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ഇതിന് പിന്നാലെ പുണെയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ച ആറു വരെ അവശ്യസര്‍വീസുകളൊഴികെ മറ്റുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഫെബ്രുവരി 28-വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാനും തീരുമാനിച്ചു.
ഇതിനിടെ കോവിഡ് കേസുകള്‍ ഉയരുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. പരിശോധനാ നിരക്ക് വര്‍ധിപ്പിക്കാനും ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ ഉയര്‍ത്താനും കേന്ദ്രം അഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. രാജ്യത്ത് നിലവിലുള്ള സജീവ കേസുകളില്‍ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
കേരളവും മഹാരാഷ്ട്രയും കൂടാതെ പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് കേസുകളില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ:
- ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ തോത് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മൊത്തത്തിലുള്ള ടെസ്റ്റിംഗ് നമ്പറുകള്‍ ഉയര്‍ത്തുക.
- എല്ലാ നെഗറ്റീവ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലങ്ങളിലും ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമായും നടത്തണം.
- തിരഞ്ഞെടുത്ത ജില്ലകളില്‍ കര്‍ശനവും സമഗ്രവുമായ നിരീക്ഷണം നടത്തുന്നതിലും ആവശ്യമുള്ള നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
- ഉയര്‍ന്ന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലെ ക്ലിനിക്കല്‍ മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 87000 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യയില്‍ കോവിഡിന്റെ ഒരു രണ്ടാം വ്യാപനത്തിന്റെ സൂചനയാണെന്ന് ആശങ്കയുണ്ട്. 24 മണിക്കൂറിനിടെ 14264 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Content Highlights: coronavirus cases spike in five states-Pune announces night curfew