മുംബൈ : കോവിഡിനെതിരായ പോരാട്ടം ഇന്ത്യ-പാക് യുദ്ധമല്ലെന്നും ആ പോരാട്ടത്തെ ആരും രാഷ്ട്രീയവത്കരിക്കരുതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നില്ലെന്നുമുളള മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ദേവേന്ദ്ര ഫഡ്‌നാവിസ് മുന്‍ മുഖ്യമന്ത്രിയാണ്. ജനങ്ങള്‍ ലോക്ഡൗണ്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ, നമുക്കതറിയാം. എന്നാല്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റെന്ത് പരിഹാരമാണ് ഉളളത്? ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് പ്രകാശ് ജാവഡേക്കര്‍ ഞങ്ങള്‍ക്ക് പ്രഭാഷണം നല്‍കേണ്ടതില്ല. അദ്ദേഹം ഇവിടെ വന്ന് കാണണം. അദ്ദേഹത്തിനും സംസ്ഥാനവുമായി ബന്ധമുണ്ട്. ഇതാരും രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല.' റാവത്ത് പറഞ്ഞു. 

രാജ്യത്ത് ലോക്ഡൗണ്‍  ഏര്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ റാവത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുളള പശ്ചിമബംഗാളിലെ ബിജെപിയുടെ റാലികള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം വേഗത്തിലാക്കുകയും വാക്‌സിന്‍ സ്‌റ്റോക്ക് വര്‍ധിപ്പിക്കുകയും ചെയ്യേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ശനിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഇതിനോടകം രാത്രികാല കര്‍ഫ്യൂവും വാരാന്ത ലോക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം തടയാന്‍ കുറേക്കൂടി ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജ്യത്ത് മുഴുവന്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Content highlights: Corona war is not an Indo-Pak war, don't politicise this battle says Sanjay Raut