ന്യൂഡൽഹി: കൊറോണക്കൊപ്പമുള്ള ജീവിതം ഇനി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും ഇതൊരു പ്രകൃതി ദത്ത വൈറസല്ല പകരം കൃത്രിമ വൈറസാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ കുറിച്ച് എന്‍ഡിടിവിയോട് സംസാരിക്കവെയായിരുന്നു നിതിന്‍ ഗഡ്കരിയുടെ പരാമർശം. 

"കൊറോണക്കൊപ്പമുള്ള ജീവിതകല ഇനി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതൊരു പ്രകൃതി ദത്ത വൈറസല്ല. ഇത് കൃത്രിമ വൈറസാണ്. ഇപ്പോൾ ലോകത്തെ പല രാജ്യങ്ങളും സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കുന്നതിനെകുറിച്ച് ഗവേഷണം നടത്തുകയാണ്. വാക്‌സിന്‍ നിലവില്‍ ലഭ്യമല്ല. എത്രയും പെട്ടെന്ന് വാക്‌സിന്‍ ലഭ്യമാവും എന്നാണ് പ്രതീക്ഷ. അതു കഴിഞ്ഞാല്‍ പിന്നീട് യാതൊരു പ്രശ്‌നവുമുണ്ടാവില്ല", ഗഡ്കരി പറഞ്ഞു.

"രണ്ടാമത്തെ പ്രശ്‌നം വൈറസിനെ കണ്ടെത്തുന്ന രീതിശാസ്ത്രമാണ്. വൈറസിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാന്‍ നമുക്ക് ചില നല്ല രീതിശാസ്ത്രം ആവശ്യമാണ്. ഇത് അപ്രതീക്ഷിതമാണ്, കാരണം ഇത് ലബോറട്ടറിയില്‍ നിന്നുള്ള ഒരു വൈറസ് ആണ്. ഇത് പ്രകൃത്യാ ഉള്ള വൈറസല്ല, അതിനാല്‍ ലോകം ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞു, ഇന്ത്യ തയ്യാറാണ്. ശാസ്ത്രജ്ഞരും തയ്യാറാണ്. അതിന് ഒരു പരിഹാരം കണ്ടെത്തിയ ശേഷമേ നമുക്ക് ആത്മവിശ്വാസത്തോടെ നടക്കാന്‍ കഴിയൂ. ഒരു വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ പിന്നീട് ഒരു പ്രശ്‌നവുമുണ്ടാവില്ല. ഇത് ഭയവും ലഘൂകരിക്കും", അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേക്കാലമായി അമേരിക്കൻ പ്രസിഡന്റ് ട്രംപും വൈറസ് ലബോറട്ടറിയിൽ ഉണ്ടാതാണെന്നും എല്ലാത്തിനും ഉത്തരവാദി ചൈനയാണെന്നുമുള്ള ആരോപണം ഉന്നയിക്കുന്നു. 

വൈറസ് വ്യാപനത്തെ തുടർന്ന് ഇനിയും ലോക്ക്ഡൗൺ നീട്ടിയാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ ബാധിക്കുമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.

 'നമ്മള്‍ കൊറോണ വൈറസിനെതിരെ പോരാടേണ്ടതുണ്ട്, പക്ഷേ അതോടൊപ്പം ഒരു സാമ്പത്തിക യുദ്ധവും കൂടി നാം നടത്തുന്നുണ്ട്. നമ്മുടേത് ഒരു ദരിദ്ര രാജ്യമാണ്, പ്രതിമാസം ലോക്ക് ഡൗണ്‍ നടത്താന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് അവസാനത്തോടെ രാജ്യം അടച്ചിട്ടപ്പോള്‍ ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ജോലിയോ വീടുകളോ ഇല്ലാതെ കാല്‍നടയായോ സൈക്കിളിലോ ട്രക്കുകളിലോ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് യാത്രതിരിക്കേണ്ടി വന്നിരുന്നു. ക്ഷീണവും വിശപ്പും അപകടങ്ങളും കാരണം അവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

content highlights: Corona Virus Is From A Lab, Not Natural, Says Nitin Gadkari