ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിലേക്കും കോവിഡ് വ്യാപിക്കുന്നുവെന്ന് ആശങ്ക. സംസ്ഥാനത്തെ 52 ജില്ലകളും ഇപ്പോള്‍ വൈറസ് ബാധിതരുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വൈറസ് ബാധിതര്‍ ഇല്ലാതിരുന്ന സംസ്ഥാനത്തെ ഏക ജില്ലായ നിവാരിയിലും കോവിഡ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെയാണിത്. നിവാരി ജില്ലയില്‍ മൂന്നു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ജില്ലാ മജിസ്‌ട്രേട്ട് അജയ് കുമാര്‍ സിങ് പറഞ്ഞു.

രോഗവ്യാപനം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം രാവിലെ എട്ടുമുതല്‍ ആറുവരെയായി പരിമിതപ്പെടുത്തുമെന്നും ജില്ലാ മജിസ്‌ട്രേട്ട് വ്യക്തമാക്കി. സംസ്ഥാനത്തെ 440 ഗ്രാമങ്ങളിലായി 904 കോവിഡ് രോഗികളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 275 കോടിരൂപ അനുവദിച്ചു. മാസ്‌ക്, സോപ്പ്, സാനിറ്റൈസറുകള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവ വാങ്ങുന്നതിനും ശുചീകരണ - അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് തുക അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ലോക്ക്ഡൗണില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് നല്‍കുന്നത് രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യം, റെവന്യൂ, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിലാണ് മധ്യപ്രദേശില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 9580 പോലീസ് ഉദ്യോഗസ്ഥരാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്തുള്ളത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂലായ് മാസത്തിലും തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍. ജൂണ്‍ അവസാനവാരം സ്ഥിതി വിലയിരുത്തിയശേഷം സ്‌കൂള്‍ തുറക്കുന്നകാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Content Highlights: Corona spreads to rural areas in MP, all 52 dists affected