
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറിൽ കുടുങ്ങിയപ്പോൾ | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭകര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് യാത്ര തടസപ്പെട്ട് പ്രധാനമന്ത്രിക്ക് മടങ്ങിപ്പോകേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി പ്രതിഷേധം നയിച്ച കര്‍ഷക നേതാവ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴി കടന്നുപോകുന്നതിനാല്‍ റോഡ് ഒഴിയണമെന്ന് അവസാന നിമിഷം പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ കള്ളം പറയുകയാണെന്നാണ് കരുതിയതെന്നും ഭാരതീയ കിസാന്‍ യൂണിയന് നേതാവ് സുര്‍ജീത്ത് സിങ് ഫൂല് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
'പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് കുറഞ്ഞത് 10 കിലോമീറ്ററോളം അകലെയായിരുന്നു ഞങ്ങള്‍. പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് വരുന്നതെന്ന് അറിയില്ലായിരുന്നു. മേല്‍പ്പാലത്തില്‍ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് പിന്നീട് ഗ്രാമവാസികളാണ് ഞങ്ങളോട് പറഞ്ഞത്', സുര്‍ജീത്ത് സിങ് ഫൂല് പറഞ്ഞു.
വായു മാര്‍ഗം നിശ്ചയിച്ചിരുന്ന യാത്ര അവസാന നിമിഷം റോഡ് മാര്‍ഗമാക്കി മാറ്റിയത് സംശയാസ്പദമാണ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയാനുള്ള യാതൊരു പദ്ധതിയും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഉള്ളിലാണ് പ്രധാനമന്ത്രി റോഡ് മാര്‍ഗം വരുന്നുവെന്ന് പറഞ്ഞ് ഞങ്ങളോട് റോഡില്‍ നിന്ന് മാറാന്‍ പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തങ്ങള്‍ വിശ്വസിച്ചില്ല, അവര്‍ കള്ളം പറയുകയാണെന്നാണ് കരുതിയതെന്നും കര്‍ഷക നേതാവ് വ്യക്തമാക്കി.
സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ റോഡിലെ തടസങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. പ്രധാനമന്ത്രിയുടെ യാത്ര പദ്ധതികള്‍ ഇത്ര പെട്ടെന്ന് മാറ്റാറില്ലെന്നും സുര്‍ജീത്ത് സിങ് പറഞ്ഞു.
ഭട്ടിന്‍ഡയില്‍നിന്ന് ഫിറോസ്പുരിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രയ്ക്കിടെ ഇരുനൂറോളം കര്‍ഷകസമരക്കാര്‍ വഴി തടഞ്ഞതിനെത്തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 20 മിനിറ്റോളമാണ് മോദിയുടെ വാഹനവ്യൂഹം ഫിറോസ്പുര്‍-മോഗ്ര റോഡിലെ മേല്‍പ്പാലത്തില്‍ കുടുങ്ങിയിരുന്നത്. ഇതോടെ യാത്രയും ഫിറോസ്പുരിലെ റാലിയും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സംഘത്തേയും പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
content highlights: Cops Told Us to Vacate Road, Thought They Were Lying says Protesters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..