കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഉംപുന്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മമത സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് വീണ്ടും ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര്.

"ലോക്ക്ഡൗണ്‍ പാസ് ഇല്ലെന്ന്‌ ആരോപിച്ച് ഉംപുന്‍ ബാധിത പ്രദേശമായ സൗത്ത് 24-ലേക്ക് പോകുന്നതില്‍നിന്നു പോലീസ് തടയുകയായിരുന്നു. മുഖ്യമന്ത്രി മമതക്കും മറ്റ് മന്ത്രിമാര്‍ക്കും യഥേഷ്ടം എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാം. എന്നാല്‍ ബി.ജെ.പി. നേതാക്കള്‍ക്ക് മാത്രം അനുമതിയില്ല. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ സാധ്യമായ വിധത്തിലെല്ലാം തടയാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്."- ദിലീപ് ഘോഷ് ആരോപിച്ചു.

 

"അവര്‍ ഞങ്ങളെ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഞങ്ങളെ എല്ലായിടത്തും അവര്‍ തടയുന്നത്. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് പോകാന്‍ ശ്രമിച്ച എന്നെ പോലീസ് തടയുകയായിരുന്നു. ഇവിടെ ജനങ്ങള്‍ക്ക് ഭക്ഷണമില്ല, വെള്ളമില്ല, വൈദ്യുതി ഇല്ല. പോലീസും തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളും ജനങ്ങളെ മര്‍ദ്ദിക്കുകയാണ്. ഉംപുന്‍ ബാധയേയും രാഷ്ട്രീയവത്കരിക്കാന്‍ തുടങ്ങിയത് മുഖ്യമന്ത്രിയാണ്. ഞങ്ങളല്ല. ഇത്തരം രാഷ്ട്രീയമാണ് അവര്‍ക്ക് വേണ്ടതെങ്കില്‍ ഞങ്ങള്‍ അത് നന്നായി ചെയ്യും."-  അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി വെള്ളിയാഴ്ച ബംഗാളിന് 1000 കോടി രൂപയുടെ മുന്‍കൂര്‍ ദുരിതാശ്വാസം പ്രഖ്യാപിച്ചിരുന്നു.

Content Highlights: cops blocked visit to Amphan hit areas BJP attacks Mamata