ന്യൂഡല്‍ഹി: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രസവത്തിനായി ആശുപത്രിയിലെത്താന്‍ സഹായിച്ച പോലീസുദ്യോഗസ്ഥന്റെ പേര് കുഞ്ഞിന് നല്‍കി ദമ്പതിമാരുടെ നന്ദിപ്രകടനം. സ്വന്തം കാറിലാണ് പോലീസ് കോണ്‍സ്റ്റബിളായ ദയവീര്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്. ജനിച്ചത് ആണ്‍കുട്ടിയായതിനെ തുടര്‍ന്ന് ദയവീറിന്റെ പേര് തന്നെ കുഞ്ഞിന് നല്‍കാന്‍ ദമ്പതിമാര്‍ തീരുമാനിക്കുകയായിരുന്നു. 

ഭാര്യ അനുപയ്ക്ക് പ്രസവവേദന ആരംഭിച്ചതോടെ ആശുപത്രിയിലെത്താന്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വസിര്‍പുരില്‍ താമസിക്കുന്ന വിക്രം അശോക് വിഹാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് സഹായത്തിനായി വിളിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ദയവീര്‍ സ്വന്തം കാറുമായെത്താന്‍ തീരുമാനിക്കുകയായിരുന്നു. 

വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ദയവീര്‍ വിക്രമിനേയും അനുപയേയും ഹിന്ദുറാവു ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങി. ഏഴരയോടെ ആണ്‍കുഞ്ഞ് പിറന്നതായും കുഞ്ഞിന് തന്റെ പേര് നല്‍കിയതായി അവര്‍ അറിയിച്ചതായും ദയവീര്‍ പറഞ്ഞു. ഇദ്ദേഹം പോലീസ് കോണ്‍സ്റ്റബിളായി സേവനമാരംഭിച്ചിട്ട് പത്ത് കൊല്ലത്തിലധികമായി. 

കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാണ് ഡല്‍ഹി പോലീസെന്നും ജനങ്ങള്‍ക്ക് സഹായമാവശ്യമുള്ളപ്പോള്‍ അത് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ദയവീറിനെ അഭിനന്ദിക്കുന്നുവെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് വിജയാനന്ദ ആര്യ പറഞ്ഞു. അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. 

 

Content Highlights: Cop Takes Expecting Mother to Hospital in His Car Family Names Baby After Him