ലഖിംപുര്‍: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം അന്വേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പ്രത്യേക അന്വേഷണ സംഘ തലവന്‍ ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല  ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന് തന്നെയാണ്. പതിവ് നടപടിക്രമങ്ങളുടെ ഭാഗമാണ്  ഉപേന്ദ്ര കുമാര്‍ അഗര്‍വാളിന്റെ സ്ഥലംമാറ്റമെന്ന് യുപി പോലീസ് പ്രതികരിച്ചു.

ഇതിനിടെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും കേസിലെ പ്രതിയുമായ അജയ് മിശ്രയുടെ പോലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്കുകൂടി നീട്ടി. ഇത് രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആശിഷ് മിശ്രയുടെ പോലീസ് കസ്റ്റഡി നീട്ടുന്നത്. ആശിഷ് മിശ്രക്ക് പുറമേ  കേസില്‍ അറസ്റ്റിലായ അങ്കിത് ദാസ്, ശേഖര്‍ ബദ്രി, ലതിഫ് എന്നിവരേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

സംഭവം നടക്കുമ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ബിജെപി നേതാവ് ഉള്‍പ്പെടെ നാല് പേരെ കൂടി യുപി പോലീസ് അറസ്റ്റ് കഴിഞ്ഞ ദിവസം ചെയ്തിരുന്നു. പ്രതികളായ സുമിത് ജയ്‌സ്വാള്‍, ശിശുപാല്‍, നന്ദന്‍ സിംഗ് ബിഷ്ത്, സത്യ പ്രകാശ് ത്രിപാഠി എന്നിവരെ ലഖിംപുര്‍ ഖേഡി പോലീസും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘവും സംയുക്തമായാണ് അറസ്റ്റ് ചെയ്തത്. സത്യപ്രകാശ് ത്രിപാഠിയില്‍ നിന്ന് ലൈസന്‍സുള്ള റിവോള്‍വറും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാര്‍ പറഞ്ഞിരുന്നു. 

ഒക്ടോബര്‍ 3-നാണ് നാല് കര്‍ഷകരുടെയും ഒരു പത്രപ്രവര്‍ത്തകന്റെയും ദേഹത്തേക്ക് വാഹനവ്യുഹം പാഞ്ഞുകയറുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിനെ ഒക്ടോബര്‍ 9നാണ് അറസ്റ്റിലാകുന്നത്.  കര്‍ഷകരുടെ നേര്‍ക്ക് ഓടിച്ചുകയറ്റിയ വാഹനത്തില്‍ ആശിഷ് മിശ്രയും ഉണ്ടായിരുന്നുവെന്ന് മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് 12 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. 

Content Highlights: Cop heading SIT probing Lakhimpur Kheri violence transferred