റാംപുര്‍: കൂട്ട ബലാത്സംഗത്തിന് ഇരയായ സ്ത്രീയോട് തനിക്ക് വഴങ്ങിത്തന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് പറഞ്ഞതായി പരാതി. ഉത്തർപ്രദേശിലെ രാംപുറിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ് ഐയായ ജയ് പ്രകാശ് സിങ്ങിനെതിയെയാണ് സ്ത്രീ പരാതി ഉന്നയിച്ചിരിക്കുന്നത്. 

37 വയസുകാരിയായ സ്ത്രീയെ ഈ വര്‍ഷം ആദ്യം രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിച്ചു. എന്നാല്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യാമെന്ന് ജയ് പ്രകാശ് അറിയിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. 

ഇത് പറഞ്ഞ് എസ്‌ഐ തന്നെ നിരന്തരം മൊബൈലില്‍ വിളിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇത് നിരസിച്ചതോടെ എസ്‌ഐ കേസ് അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്നും അവര്‍ ആരോപിച്ചു.

ഫെബ്രുവരി 12ന് റാംപുറിലെ ബന്ധുവിനെ സന്ദര്‍ശിക്കാൻ പോയപ്പോളാണ്  സ്ത്രീയെ രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഇതില്‍ ഒരാള്‍ ഇവരുടെ പരിചയക്കാരനായിരുന്നു. പരിചയത്തിന്റെ പേരില്‍ വണ്ടിയില്‍ കയറിയ ഇവരെ തോക്കു ചൂണ്ടി പീഡിപ്പിച്ചു എന്നാണ് കേസ്. 

എന്നാല്‍ തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചുരുന്നു. തുടര്‍ന്ന് സ്ത്രീ കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമീര്‍ അഹമ്മദ്, സത്താര്‍ അഹമ്മദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരുടെ മൊഴിയും രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 

എസ്‌ഐക്ക് എതിരായ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗഞ്ച് സ്റ്റേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി എസ്പി സുധ സിങ് പറഞ്ഞു.