തീരഥ് സിങ് റാവത്ത് | Photo: ANI
ദെഹ്റാദൂണ്‍: യുവതലമുറയ്ക്കിടയില്‍ തരംഗമായ കീറിയ മാതൃകയിലുളള ജീന്‍സിനെ കുറിച്ചുളള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ പരാമര്‍ശം വിവാദത്തില്‍. ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മിഷന് നടത്തിയ ഒരു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നതിനിടയിലാണ് കീറിയ ജീന്‍സിനെ കുറിച്ചുളള പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്.
കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും ഇവര്‍ ഇത്തരം വേഷവിധാനത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
'ഇത്തരത്തിലുളള ഒരു സ്ത്രീ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സമൂഹത്തിലേക്കിറങ്ങുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയാണെങ്കില്‍ നാം എന്തുതരത്തിലുളള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത്. ഇതെല്ലാം ആരംഭിക്കുന്നത് വീട്ടില്‍ നിന്നാണ്. നാം എന്തുചെയ്യുന്നോ അത് നമ്മുടെ കുട്ടികള്‍ പിന്തുടരും. വീട്ടില്‍ ശരിയായ സംസ്കാരം പഠിപ്പിക്കുന്ന കുട്ടി അവന് എത്ര ആധുനികരായാലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല.' മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ നഗ്നമായ കാല്‍മുട്ട് പ്രദര്‍ശിപ്പിക്കുന്നതില്‍ അസംതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിദേശീയര്‍ ഇന്ത്യയുടെ യോഗയും ദേഹം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണവും പിന്തുടരാന് ശ്രമിക്കുമ്പോള്‍ നാം നഗ്നതയ്ക്ക് പിറകേയാണ് പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
'കത്രികയുടെ സംസ്കാരം- നഗ്നമായ കാല്‍മുട്ട് പ്രദര്‍ശിപ്പിക്കുന്നത്, കീറിപ്പറിഞ്ഞ ഡെനിം ധരിച്ച് ധനികരായ കുട്ടികളെപ്പോലെ നടിക്കുന്നത്- ഈ മൂല്യങ്ങളെല്ലാമാണ് നാം ഇപ്പോള്‍ നല്‍കുന്നത്. വീട്ടില്‍ നിന്നല്ലെങ്കില്‍ പിന്നെ ഇത് എവിടെ നിന്നാണ് വരുന്നത്? എന്താണ് നമ്മുടെ അധ്യാപകരുടെയും സ്കൂളുകളെയും തെറ്റ്. ഞാന്‍ എന്റെ മകനെ കൂട്ടിക്കൊണ്ട് ചെല്ലുന്നിടത്ത് കാല്‍മുട്ട് പ്രദര്‍ശിപ്പിക്കുകയും കീറിയ ജീന്‍സ് ധരിക്കുകയും ചെയ്താല്‍? കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പെണ്‍കുട്ടികളും കുറവല്ല. ഇത് നല്ലതാണോ? ' മുഖ്യമന്ത്രി ചോദിച്ചു.
തങ്ങള്‍ ജീവിതത്തില്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ച് സ്ത്രീകള്‍ എല്ലാം പറയുന്നുണ്ട്. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ കുടുംബത്തെയും കുട്ടികളെയും നോക്കുക എന്നുളളതാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഗണേഷ് ജോഷിയെന്ന മന്ത്രിയും പിന്തുണച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി. കീറിയ ജീന്‍സ് ധരിക്കുന്നത് നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത് ബിജെപി ഇത് അംഗീകരിക്കുന്നുണ്ടോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പ്രതികരണം. ഇതാണോ ആധുനിക ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ചോദിച്ചത്.
Content Highlights:controversy over Uttarakhand CM' s ripped jeans remark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..